കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ അടുത്ത സീസണിലും കണ്ണൂർ വാരിയേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി മാനുവൽ സാഞ്ചസ് തുടരും. ക്ലബ്ബ് മാനേജ്മെന്റ് സാഞ്ചസുമായി കരാർ പുതുക്കിയതായി ഔദ്യോഗികമായി അറിയിച്ചു. ആദ്യ സീസണിൽ ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ച സാഞ്ചസിന്റെ കീഴിൽ ഇത്തവണ കിരീടം നേടാനാണ് കണ്ണൂർ വാരിയേഴ്സ് ലക്ഷ്യമിടുന്നത്.

സൂപ്പർ ലീഗ് കേരളയുടെ കന്നി സീസണിൽ മാനുവൽ സാഞ്ചസിന്റെ പരിശീലനത്തിൽ കണ്ണൂർ വാരിയേഴ്സ് ലീഗ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. സെമി ഫൈനലിൽ പുറത്തായെങ്കിലും, ടീമിന്റെ കെട്ടുറപ്പുള്ള പ്രകടനവും യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിലെ സാഞ്ചസിന്റെ കഴിവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.