ബ്രസീൽ ദേശീയ ടീം പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്ന ജോർഗെ ജീസസിനെ അൽ-ഹിലാൽ പുറത്താക്കി.
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സൗദി ടീമായ അൽ-അഹ്‌ലിയോട് പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 3-1ന്റെ തോൽവി ടീമിന് തിരിച്ചടിയായി.

സൗദി മാധ്യമമായ അൽ-റിയാദിന്റെ റിപ്പോർട്ട് അനുസരിച്ച്, സൗദി പ്രോ ലീഗ് ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ ക്ലബ്ബിന് നേടിക്കൊടുത്ത 70-കാരനായ പരിശീലകനെ വ്യാഴാഴ്ച ക്ലബ് പുറത്താക്കി.
നേരത്തെ 2018 മുതൽ 2019 വരെ അൽ-ഹിലാലിനെ പരിശീലിപ്പിക്കുകയും പിന്നീട് ഫ്ലെമെംഗോയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത ജീസസിനെ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇപ്പോഴും റയൽ മാഡ്രിഡിന്റെ കാർലോ അഞ്ചലോട്ടിയെ ആണ് പ്രഥമ ലക്ഷ്യമായി കാണുന്നത്. ആഞ്ചലോട്ടിയുമായുള്ള ചർച്ച വിജയിച്ചില്ല എങ്കിൽ സിബിഎഫ് ജീസസിനെ പരിഗണിക്കും.