ചെന്നൈ: ഇന്ത്യൻ വനിതാ ലീഗിൽ ചെന്നൈയിൽ നടന്ന എവേ മത്സരത്തിൽ ഗോകുലം കേരളക്ക് ജയം. സേതു എഫ് സിയെ നേരിട്ട ഗോകുലം 4-1 എന്ന സ്‌കോറിനായിരുന്നു ജയിച്ചത്. ഉഗാണ്ടൻ താരം ഫസീലയായിരുന്നു ഗോകുലം കേരളയുടെ നാലു ഗോളുകളും നേടിയത്.

അവസാന മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഗോകുലം തുടങ്ങിയത്. മത്സരം തുടങ്ങി 10ാം മിനുട്ടിൽ തന്നെ ഫസീലയിലൂടെ ഗോകുലം ആദ്യ ഗോൾ എതിരാളികളുടെ വലയിലെത്തിച്ചു. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം ഊട്ടിയുറപ്പിച്ചു. 20ാം മിനുട്ടിൽ ഫസീല തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്.
പിന്നീട് മലബാറിയൻസിന്റെ പെൺപടക്ക് കാര്യങ്ങളെല്ലാം അനായാസമായിരുന്നു. 25-ാം മിനുട്ടിൽ ഒരു ഗോൾ മടക്കി സേതു എഫ്.സി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും ഗോകുലം ശക്തമായി പ്രതിരോധിച്ചു. 25ാം മിനുട്ടിൽ നിർമലയായിരുന്നു സേതുവിന്റെ ആശ്വാസ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോകുലം വീണ്ടും ഗോൾ വേട്ട തുടർന്നു. 60ാം മിനുട്ടിൽ ഫസീല ഹാട്രിക് തികച്ച് മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. മത്സരം പുരോഗമിക്കവെ 88ാം മിനുട്ടിൽ നാലാം ഗോളും നേടി ഫസീല ഗോകുലത്തിന്റെ ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.
ഇത് വനിതാ ടീമിന്റെ തുടർച്ചയായ നാലാം ജയമാണ്. ജയിച്ചതോടെ ആറു മത്സരത്തിൽനിന്ന് ഗോകുലം കേരളക്ക് 14 പോയിന്റോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു. മാർച്ച് ഒൻപതിന് നിത ഫുട്‌ബോൾ ക്ലബിനെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.