ഇന്ത്യൻ വനിതാ ലീഗ്; ഗോകുലം കേരളക്ക് തകർപ്പൻ ജയം

Newsroom

Picsart 25 01 20 18 42 51 048
Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത: ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരളക്ക് തകർപ്പൻ ജയം. ഇന്ന് (20-1-2025) നടന്ന എവേ മത്സരത്തിലായിരുന്നു ഗോകുലം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. 5-1 എന്ന സ്‌കോറിനായിരുന്നു ജയം. മുന്നേറ്റ താരം ഫസീലയുടെ കരുത്തിലാണ് മലബാറിയൻസിന്റെ പെൺപുലികൾ ജയിച്ചു കയറിയത്. താരം നാലു ഗോളുകളായിരുന്നു എതിരാളിയുടെ വലയിലെത്തിച്ച് ടീമിന് ആദ്യ ജയം സമ്മാനിച്ചത്.

1000799960

മത്സരം തുടങ്ങി ഒന്നാം മിനുട്ടിൽതന്നെ ഫസീലയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. മത്സരത്തിന്റെ 17ആം സെക്കൻഡിൽ പിറന്ന ഗോൾ ഐ ഡബ്ള്യു എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ ആയിരുന്നു. ആദ്യ മിനുട്ടിൽ തന്നെ ലീഡ് നേടിയതോടെ പിന്നീട് മത്സരത്തിൽ തെല്ലും സമ്മർദമില്ലാതെയായിരുന്നു ഗോകുലം താരങ്ങൾ പന്തു തട്ടിയത്. മത്സരം പുരോഗമിക്കവെ 23ാം മിനുട്ടിൽ ശ്രീഭൂമി എഫ്.സി ഗോൾ മടക്കി സമനില കണ്ടെത്തി. എന്നാൽ സമനിലയിൽ പതറാതിരുന്ന ഗോകുലം പൊരുതിയായിരുന്നു ബാക്കി നാലു ഗോളുകളും എതിരാളിയുടെ വലയിലെത്തിച്ചത്. 41ാം മിനുട്ടിൽ ഫസീല രണ്ടാം ഗോൾ നേടി വീണ്ടും ലീഡ് നേടി.

അധികം വൈകാതെ ഗോകുലത്തിന്റെ ശുഭാങ്കി ഡിസ്റ്റൻസിൽ നിന്നും നടത്തിയ ഉഗ്രനൊരു ഗോൾ ശ്രമം ലക്‌ഷ്യം കണ്ടു മൂന്നാം ഗോൾ നേടിയതോടെ സ്‌കോർ 3-1 എന്നായി. ഇതോടെ ആദ്യ പകുതി അവസാനിച്ചപ്പോൾ രണ്ട് ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിക്കാൻ ഗോകുലത്തിന് കഴിഞ്ഞു.

രണ്ടാം പകുതിയിലും മലബാറിയൻസ് ഗോളടി തുടർന്നു. 56ാം മിനുട്ടിൽ പന്ത് ലക്ഷ്യത്തിലെത്തിച്ച് ഫസീല ഹാട്രിക് പൂർത്തിയാക്കുകയും ചെയ്തതോടെ മത്സരത്തിൽ മലബാറിയൻസ് സമ്പൂർണ ആധിപത്യം നേടി. പിന്നീട് പന്ത് പൂർണമായും നിയന്ത്രണത്തിലാക്കിയ ഗോകുലം വനിതകൾ 72ാം മിനുട്ടിൽ അഞ്ചാം ഗോളും എതിരാളിയുടെ വലയിലെത്തിച്ച് ഗോൾ പട്ടിക പൂർത്തിയാക്കി. ഫസീലയുടെ വകയായിരുന്നു അഞ്ചാം ഗോൾ വന്നത്. മത്സരത്തിലുടനീളം അറ്റാക്കിങ് ഫുട്‌ബോൾ പുറത്തെടുത്തായിരുന്നു ഗോകുലം മികച്ച ജയം നേടിയത്.

” സീസണിലെ ആദ്യ ജയത്തിന്റെ ആവേശത്തിലാണ് ടീം. അറ്റാക്കിങ് ഫുട്‌ബോളായിരുന്നു ടീം പുറത്തെടുത്തത്. അതിന്റെ ഫലം കൃത്യമായി ലഭിക്കുകയും ചെയ്തു. ഇത് ടീമിന്റെ ആത്മവിശ്വാസത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കും” പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി. തുടർന്നുള്ള മത്സരങ്ങളിൽ ഇതേ രീതി പിന്തുടരും. ഫൈനൽ തേഡിലെ ഫിനിഷിങ് കുറ്റമറ്റതാക്കിയത് കൊണ്ടായിരുന്നു മികച്ച ജയം വന്നത്. ഇത്തരത്തിൽ നീങ്ങിയാൽ തുടർന്നും ജയം നേടാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ, പരിശീലകൻ കൂട്ടിച്ചേർത്തു.

ഈ മാസം 26ന് ഹോപ്‌സ് ഫുട്‌ബോൾ ക്ലബിനെതിരേ കോഴിക്കോട് കോർപറേഷൻ സ്റ്റേജിയത്തിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. വൈകിട്ട് നാലിനാണ് മത്സരം. മൂന്ന് മത്സരത്തിൽനിന്ന് അഞ്ച് പോയിന്റുള്ള ഗോകുലം ജയത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരത്തിൽനിന്ന് ഒൻപത് പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.