കോഴിക്കോട്: ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് സമനില. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒഡിഷ എഫ്.സിക്ക് എതിരായ മത്സരം 1-1 എന്ന സ്‌കോറിനാണ് അവസാനിച്ചത്. മത്സരത്തിൽ ഗോകുലം സമ്പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയായിരുന്ന കൂടുതൽ ഗോളുകൾ നേടുന്നതിന് തടസമായത്. ആദ്യ പകുതിയിൽ ഗോൾ നേടാൻ ഗോകുലത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.
ആദ്യ പതിനഞ്ച് മിനുട്ട് പൂർത്തിയായപ്പോൾ ഗോകുലം അര ഡസനോളം മുന്നേറ്റമാണ് ഒഡിഷ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. ഒരുപാട് അവസരങ്ങൾ ലഭിച്ചുവെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 61ാം മിനുട്ടിൽ ലിൻഡയുടെ ഗോളിൽ നിലവിലെ ചാംപ്യൻമാരായ ഒഡിഷ മുന്നിലെത്തി. ഒരു ഗോൾ നേടിയതോടെ ഒഡിഷ അക്രമം കടുപ്പിച്ചെങ്കിലും ഗോകുലം പ്രതിരോധം ശക്തമാക്കി. ഗോകുലത്തിന്റെ തുടരെയുള്ള മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിക്കുക എന്ന പദ്ധതിയായിരുന്നു ഒഡിഷ നടപ്പാക്കിയത്. വീണു കിട്ടിയ അവസരത്തിൽ കൗണ്ടർ അറ്റാക്ക് നടത്താനും അവർ മറന്നില്ല. വിദശ താരം മറിയമായിരുന്നു ഗോകുലത്തിന്റെ മുന്നേറ്റങ്ങളെല്ലാം പരാജയപ്പെടുത്തിയത്. ഇത്തരത്തിൽ ലഭിച്ച കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു ഒഡിഷയുടെ ആദ്യ ഗോൾ വന്നത്. ഒരു ഗോൾ വഴങ്ങിയെങ്കിലും ഗോകുലം അക്രമം നിർത്തിയില്ല. പ്രതിരോധത്തിൽനിന്ന് മാർട്ടിനയും ഒവിറ്റിയും നൽകുന്ന ത്രൂ പാസുകൾ കൃത്യമായി മുന്നേറ്റനിരക്ക് ലഭിച്ചു കൊണ്ടിരുന്നു. മധ്യനിരയിൽ രത്തൻ ബാലയും ഷിൽക്കി ദേവിയും ഒഡിഷയുടെ മുന്നേറ്റത്തെ തടയിട്ടതോടെ പൂർണമായും കളി ഗോകുലത്തിന്റെ പക്കലായി.
ജയത്തിനായി പൊരുതിയ ഗോകുലം ഒടുവിൽ സമനില ഗോൾ നേടി. 87ാം മിനുട്ടിൽ ഷിൽക്കി ദേവിയായിരുന്നു മലബാറിയൻസിന്റെ സമനില ഗോൾ നേടിയത്. പിന്നീട് ലീഡ് നേടാനായി അവസരങ്ങൽ ലഭിച്ചെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല. “നേരത്തെ തീരുമാനിച്ച പദ്ധതിക്കനുസരിച്ച് കളിക്കാൻ കഴിഞ്ഞു. പലപ്പോഴും അവസരങ്ങൾ കൃത്യമായി മുതലാക്കാൻ കഴിയാത്തതിയാരുന്നു ജയത്തെ തടഞ്ഞത്. അടുത്ത മത്സരത്തിൽ ഇതിന് പരിഹാരം കണ്ട് തിരിച്ചുവരും” മത്സരശേഷം പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി.
15ന് ബംഗളൂരുവിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.