യുവേഫ നാഷൺസ് ലീഗ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് സ്പെയിൻ. ഇന്ന് നടന്ന സെമി ഫൈനലിൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ തോൽപ്പിച്ച് ആണ് സ്പെയിൻ ഫൈനലിലേക്ക് എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സ്പെയിനിന്റെ വിജയം. ഫൈനലിൽ ക്രൊയേഷ്യയെ ആകും സ്പെയിൻ നേരിടുക. അവർ കഴിഞ്ഞ ദിവസം നെതർലന്റ്സിനെ തോൽപ്പിച്ച് ആയിരുന്നു ഫൈനൽ ഉറപ്പിച്ചത്.
ഇന്ന് മത്സരം ആരംഭിച്ച് ആദ്യ പത്തു മിനുട്ടുകൾക്ക് അകം തന്നെ ഇരു ടീമുകളും ഗോളടിച്ചു. മൂന്നാം മിനുട്ടിൽ ഇറ്റലിയൻ ഡിഫൻസ് സ്പെയിന്റെ പ്രസിംഗിന് മുന്നിൽ പതറിയപ്പോൾ കിട്ടിയ അവസരം മുതലെടുത്ത് പിനോ സ്പെയിനിന് ലീഡ് നൽകി. ഇതു കഴിഞ്ഞു അധികം വൈകാതെ 10ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഇമ്മൊബിലെ ഇറ്റലിക്ക് സമനില നൽകി.
ഇറ്റലി ആദ്യ പകുതിയിൽ ഒരിക്കൽ കൂടെ വല കുലുക്കി എങ്കിലും ഓഫ്സൈഡ് വിളി വന്നു. രണ്ടാം പകുതിയിൽ സ്പെയിൻ ആയിരുന്നു കൂടുതൽ നന്നായി കളിച്ചത്. അവരുടെ മികച്ച ഫുട്ബോളിന് 88ആം മിനുട്ടിൽ ഫലം ലഭിച്ചു. ഹൊസേലുവിന്റെ ഫിനിഷിൽ സ്പെയിൻ വിജയ ഗോൾ കണ്ടെത്തി. സ്കോർ 2-1. ജൂൺ 18ന് നെതർലാൻഡ്സിൽ വെച്ചാണ് ഫൈനൽ നടക്കുക.