ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ ആയ ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് സ്വന്തമാക്കി. ഇന്നലെ ഫൈനലിൽ ഫിയൊറെന്റീനയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്റർ പൊരുതി വിജയിച്ചത്.
സ്‌റ്റേഡിയോ ഒളിമ്പിക്കോയിൽ നടന്ന മത്സരത്തിൽ നിക്കോ ഗോൺസാലസിന്റെ ഗോളിലൂടെ ഫിയോറന്റീന ആണ് ലീഡ് എടുത്തത്. ഹാഫ് ടൈമിന് മുമ്പ് ലൗട്ടാരോ മാർട്ടിനെസിലൂടെ ഇന്റർ സമനില കണ്ടെത്തി. 37ആം മിനുട്ടിൽ ഒരു വോളിയിലൂടെ ലൗട്ടാരോ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.
ഇന്ററിന്റെ ഒമ്പതാം ഇറ്റാലിയൻ കപ്പ് ആണിത്. 14 കിരീടങ്ങളുമായി യുവന്റസ് മാത്രമാണ് ഇന്ററിന് മുന്നിൽ ഇനി ഉള്ളത്. ആറ് തവണ ജേതാക്കളായ ഫിയോറന്റീനയ്ക്ക് 2001ന് ശേഷമുള്ള ആദ്യ ട്രോഫി ആണിത്. യൂറോപ്പ കോൺഫറൻസ് ലീഗിന്റെ ഫൈനലിൽ ഉള്ള ഫിയൊറെന്റീന അവിടെ കിരീടം ഉയർത്തി ആ കാത്തിരിപ്പ് അവസാനിപ്പിക്കാം എന്നാകും വിശ്വസിക്കുന്നത്.