കേരളത്തിൽ ഫുട്ബാൾ പ്രതിഭകളെ വളർത്തിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: നവംബർ 17, 2019: കേരള ഫുട്ബാൾ രംഗത്ത് പുതിയ വിപ്ലവം രചിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി . കേരളത്തിലെ വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകൾക്കായി ‘കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ്’ എന്നപേരിൽ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് ഫുട്ബോൾ സെന്റർ കൊച്ചിയിൽ നോർത്ത് കളമശേരിയിലെ, പാർക്ക്‌ വേയിൽ (നവംബർ 17ന്) ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഡാരൻ കാൽഡെയ്‌റ, അബ്ദുൾ ഹക്കു എന്നിവർ ചേർന്ന് പദ്ധതി ഉത്ഘാടനം ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ഡയറക്ടർ മുഹമ്മദ്‌ റഫീഖ് പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15ടീം ഹെഡ് കോച്ച് ഷമീൽ ചെമ്പകത്തിൽ ആദ്യദിനത്തിൽ പരിശീലനം നൽകി.

ഫുട്ബോൾ പ്രേമികളായ കേരളത്തിലെ സമൂഹത്തിൽ ഫുട്ബോളിനെ ഒരു പ്രൊഫഷൻ ആയി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം. കേരള ബ്ലാസ്റ്റേഴ്‌സ് ശൈലിയിൽ മികവുറ്റ പരിശീലനം നൽകികൊണ്ട് കുട്ടികളെ അന്താരാഷ്ട്ര ഫുട്ബോൾ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് വിഭാവനം ചെയ്യുന്നത്. സാങ്കേതിക തികവ്, ലക്ഷ്യബോധം, നേട്ടങ്ങളിൽ ഉള്ള അനുഭൂതി എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യംഗ് ബ്ലാസ്റ്റേഴ്‌സ് അടിസ്ഥാനമാക്കുന്നത്.

കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സ്കൂൾ, കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി, കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്റർ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ പരിശീലന സംരംഭം പ്രവർത്തിക്കുക.

സംസ്ഥാനത്തെ വിവിധ സ്‍കൂളുകളുമായി ചേർന്നാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സ്കൂൾ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർക്ക് സ്കൂളുകൾ ആവശ്യപ്പെടുന്ന മുറക്ക് പരിശീലനം നൽകും കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് ലഭ്യമാക്കും. മൈതാനവും അനുബന്ധ സാഹചര്യങ്ങളും സ്കൂളുകളാകും ഒരുക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക. ഈ കേന്ദ്രങ്ങളിലും പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് നൽകും. കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടാകും മൂന്നാമത്തെ വിഭാഗമായ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. സെന്ററുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട് പരിശീലന കളരികൾ സംഘടിപ്പിക്കും. ഈ പദ്ധതിയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളാകും കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററുകൾ.

“ഒരു ക്ലബ് എന്ന നിലയിൽ കേരളത്തെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്ന ഒരു ടീം ആയിമാറുക എന്നതാണ് ഞങ്ങളുടെ പ്രധാന തത്ത്വചിന്ത. ഈ വർഷം ഐ‌എസ്‌എല്ലിൽ ആദ്യമായി ആറ് പ്രാദേശിക കളിക്കാരെ ഒരുമിച്ച് കളികളത്തിൽ ഇറക്കിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കേരളത്തിൽ ഫുട്‌ബോളിനെ പരിപോഷിപ്പിക്കുന്നത് തുടരുകയും അതിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. കെ‌ബി‌എഫ്‌സി യംഗ് ബ്ലാസ്റ്റേഴ്സ് ഭാവിയിൽ ഇത്തരം നിരവധി പ്രതിഭകൾക്ക് വഴിയൊരുക്കും. ”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറയുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സാമൂഹിക പ്രതിബദ്ധത പദ്ധതിയാണ് ‘യംഗ് ബ്ലാസ്റ്റേഴ്‌സ്’. കളമശ്ശേരി അൽബേട്ടിയൻ സ്‌പോർട്സ് കോംപ്ലക്സിൽ രണ്ടാമത്തെ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ സെന്ററിന് ഉടൻ തുടക്കമാകും

“കുട്ടികൾക്ക് മികച്ച നിലവാരമുള്ള ഫുട്ബോൾ വിദ്യാഭ്യാസവും പ്രൊഫഷണൽ ഫുട്ബോൾ അന്തരീക്ഷത്തിൽ പഠിക്കാനുള്ള അവസരവും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്കൂളുകൾ, അക്കാദമികൾ, സെന്ററുകൾ എന്നിവയുമായി വിവിധ തലങ്ങളിലുള്ള ഇതിന്റെ ഘടന കേരളത്തിലെ വളർന്നുവരുന്ന ഫുട്ബോൾ സംസ്കാരത്തെ ശക്തിപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നു ”, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഫുട്ബോൾ ഡയറക്ടർ മുഹമ്മദ് റഫീഖ് പറയുന്നു.

പാർക്ക്‌ വേയിൽ ആരംഭിച്ച സെന്ററിലെ ഫീസ്, രജിസ്ട്രേഷൻ എന്നിവയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി

+91 7025115557 എന്ന നമ്പറിൽ ബന്ധപ്പെടാം. പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന കോച്ചുകൾക്ക് തങ്ങളുടെ ബയോഡേറ്റ [email protected] എന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്.