കൊച്ചി – June 12, 2024 – യുവ ഇന്ത്യൻ ഗോൾകീപ്പർ സോം കുമാർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി കരാർ ഒപ്പു വെച്ചു. സ്ലോവേനിയൻ ക്ലബ്ബായ എൻ.കെ.ഒലിംപിജ ലുബ്ലിയാനയ്‌ക്കൊപ്പമുള്ള കാലാവധിക്ക് ശേഷമാണ് 19- കാരനായ സോം കേരളം ബ്ലാസ്റ്റേഴ്സ് എഫ്.സിയിൽ എത്തുന്നത്. ആഭ്യന്തര, അന്തർദേശീയ യൂത്ത് മത്സരങ്ങളിൽ നിന്നുള്ള സോമിന്റെ അനുഭവസമ്പത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഗോൾകീപ്പിങ് വിഭാഗത്തിന് കൂടുതൽ കരുത്തേകും.
2005 ഫെബ്രുവരി 27 ന് ബെംഗളൂരുവിൽ ജനിച്ച സോം കുമാർ ബാംഗ്ലൂരിലെ അണ്ടർ 13 ക്ലബ്ബ് ഫുട്ബോളിലൂടെയാണ് തൻ്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. ബോക ജൂനിയേഴ്‌സ് അക്കാദമിയിലും BYFL അക്കാദമിയിലും അദ്ദേഹത്തിൻ്റെ കഴിവുകൾ പെട്ടെന്ന് തിരിച്ചറിയപ്പെട്ടു. അദ്ദേഹത്തിൻ്റെ യൂറോപ്യൻ ഫുട്ബോൾ കരിയർ 2020-ൽ സ്ലോവേനിയയിലെ എൻകെ ബ്രാവോയ്‌ക്കൊപ്പം ആരംഭിച്ചു. എൻ കെ ബ്രാവോയുടെ അണ്ടർ 17 ഗോൾകീപ്പർ ആയിരുന്ന സോം,സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ NK ബ്രാവോയുടെയും NK ക്രാക്ക U19 ടീമുകളിൽ ഇടം നേടി, ഒടുവിൽ 2023 ഫെബ്രുവരിയിൽ NK ഒളിമ്പിജ ലുബ്ലിയാനയുമായുള്ള കരാറിലേക്ക് നയിച്ചു. ക്ലബിലെ മൂന്നാം ചോയ്സ് ഗോൾകീപ്പറായി തുടങ്ങിയെങ്കിലും, സോമിന്റെ അസാധാരണമായ കഴിവുകൾ അവനെ NK ഒളിമ്പിജ ലുബ്ലിയാനയുടെ u -19 ന്റെ സ്ഥിരം ഗോൾകീപ്പർ ആക്കി മാറ്റി. തുടർന്ന്, യുവേഫ യൂറോപ്യൻ അണ്ടർ-19 ചാമ്പ്യൻഷിപ്പ് സ്ക്വാഡിലേക്കുള്ള ടീമിലേക്കും സോം തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയുടെ U16, U17 ടീമുകളുടെ ഭാഗമായിരുന്ന സോം, ഒഡീഷയിൽ നടന്ന 2022 SAFF U-20 ചാമ്പ്യൻഷിപ്പിൽ ഇന്ത്യ U20 ടീമിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മാലിദ്വീപിനെതിരായ സെമി ഫൈനലിലും ബംഗ്ലാദേശിനെതിരായ ഫൈനലിലും അദ്ദേഹത്തിൻ്റെ പ്രകടനം ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. 2023-ൽ, കുവൈറ്റിൽ നടന്ന AFC U-20 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൻ്റെ ഭാഗമായിരുന്ന സോം, പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 2023 SAFF U-19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിജയത്തിന്റെ ഭാഗമായി.
Welcoming a new guardian to bolster our defenses, Swagatham Som Kumar.👏🎉#SwagathamSom #KBFC #KeralaBlasters pic.twitter.com/cxAvk6rmd0
— Kerala Blasters FC (@KeralaBlasters) June 12, 2024
സോം കുമാറിന്റെ ടീമിലേക്കുള്ള വരവിനെ കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.
അവനിൽ സമ്മർദ്ദം ചെലുത്താൻ ഉദ്ദേശമില്ലാതെ ഞാൻ പറയട്ടെ, സോം അവന്റെ തലമുറയിലെ ഏറ്റവും മികച്ച കഴിവുകളുള്ള കളിക്കാരിൽ ഒരാളാണെന്ന് എനിക്ക് പറയാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതിയിൽ വിശ്വസിച്ച് വിദേശത്ത് നിന്ന് മടങ്ങിവരാൻ സോം തീരുമാനിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. സോമിന് ഫുട്ബോളിൻ്റെ ശരിയായ അടിത്തറയുണ്ട്, കൃത്യമായ ലക്ഷ്യവും മാനസികാവസ്ഥയുമുണ്ട് ഒപ്പം പ്രായത്തിനനുസരിച്ചുള്ള പക്വതയുമുണ്ട് അതുകൊണ്ട് തന്നെ സോമിൻ്റെ എല്ലാ ദിവസവും പുതുതായി പഠിക്കുവാനും അതിലൂടെ കേരളാ ബ്ലാസ്റ്റേഴ്സിൽ ശോഭനമായ ഭാവിയുണ്ടാകുമെന്നും ഞാൻ വിശ്വസിക്കുന്നു.
കേരളാ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ കുറിച്ച് സോം കുമാർ
“കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്, ടീമിലേക്ക് സംഭാവനകൾ നൽകാനായി ഞാൻ കാത്തിരിക്കുന്നു. ഒരു കളിക്കാരനെന്ന നിലയിൽ വളരാനുള്ള മികച്ച അവസരമാണിത്, ക്ലബ്ബിനും ആരാധകർക്കും വേണ്ടി എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”
സോമിൻ്റെ വരവോടെ, തമ്മിൽ മത്സരിക്കാൻ കഴിവുള്ള ശക്തമായ ഒരു ഗോൾകീപ്പിംഗ് സ്ക്വാഡിനെ കെട്ടിപ്പടുക്കാനാണ് ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. സോമിന് ക്ലബ് എല്ലാവിധ ആശംസകളും നേരുന്നു, വരും സീസണിൽ ക്ലബ്ബിൻ്റെ വിജയത്തിനായി അദ്ദേഹം മികച്ച സംഭാവനകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.