അടുത്ത മൂന്ന് വർഷം Six5Six കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്സി ഒരുക്കും, ഔദ്യോഗിക പ്രഖ്യാപനം എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ജൂലൈ 1, 2021: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത മൂന്നു സീസണുകളിലേക്കുള്ള (2021-23) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ജഴ്‌സി, വ്യാപാര പങ്കാളികളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ സിക്‌സ്5സിക്‌സ് (SIX5SIX) നെ പ്രഖ്യാപിച്ചു. ടീമിന്റെ ഹോം-എവേ കിറ്റ്, പ്രാക്ടീസ് കിറ്റ്, ആരാധകര്‍ക്കുള്ള മുഴുവന്‍ ഉത്പന്നങ്ങള്‍ എന്നിവയും സിക്‌സ്5സിക്‌സ് രൂപകല്‍പന ചെയ്യും. കമ്പനിയുടെ സ്‌പോര്‍ട്‌സ് വെയര്‍ വിഭാഗമായ സിക്‌സ്5സിക്‌സ് സ്‌പോര്‍ട്ട്, തുടക്കം മുതലുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമുമായി കരാറിലെത്തിയിരുന്നു. ആരാധകര്‍ക്ക് അവരുടെ വീട്ടിലിരുന്ന് തന്നെ സ്വന്തം കിറ്റ് രൂപകല്‍പന ചെയ്യാനും, രണ്ടാഴ്ച്ചയ്ക്കകം അത് ഡെലിവറിയായി ലഭിക്കാനും ഉതകുന്ന രീതിയിലുള്ള ഒരു ആപ്ലിക്കേഷന്‍, ബ്രാന്‍ഡ് ഉടനെ അവതരിപ്പിക്കും.

ക്ലബിന് സവിശേഷത നല്‍കുന്ന ഒന്നാണ് ഒരു ജഴ്‌സിയെന്നും, മഞ്ഞനിറം കേരളത്തിലും രാജ്യത്തുടനീളവും പ്രതിഫലിക്കുകയാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഒരു ഫുട്‌ബോള്‍ ആരാധകന്റെ ഹൃദയത്തുടിപ്പും വികാരങ്ങളും മനസിലാക്കുന്ന സിക്‌സ്5സിക്‌സ് പോലുള്ള ഒരു ഹോംബ്രാന്‍ഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സിക്‌സ്5സിക്‌സ് പോലുള്ള ഒരു ബ്രാന്‍ഡിന്റെ ചെറുപ്പവും ഊര്‍ജസ്വലവുമായ ഒരു വലിയ കള്‍ച്ചറല്‍ ഫിറ്റ് ഞങ്ങള്‍ തിരിച്ചറിയുന്നു. പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഈ പങ്കാളിത്തം സജ്ജമാണെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ്എലിന്റെ വരാനിരിക്കുന്ന സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി പുതിയ കിറ്റുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലബിന്റെ ധാര്‍മികതയുടെയും, സിക്‌സ്5സികസിന്റെ തനതായ ഡിസൈന്‍ ഭാഷയുടെയും സവിശേഷമായ പ്രകടനമായിരിക്കും കിറ്റുകള്‍. ബ്രാന്‍ഡിന്റെ വെബ്‌സൈറ്റായ www.six5sixsport.com വഴിയും കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട റീട്ടെയില്‍ വ്യാപാരികള്‍ വഴിയും പുതിയ കിറ്റുകള്‍ ലഭ്യമാവും.

അതിവേഗം ആരാധകരെ സൃഷ്ടിക്കുന്നത് ആസ്വദിക്കുന്ന ഒരു ക്ലബുമായി ചേരുന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നുവെന്ന് സിക്‌സ്5സിക്‌സ് സഹസ്ഥാപകനും സിഇഒയുമായ അംബര്‍ അനേജ പറഞ്ഞു. മത്സര ദിവസങ്ങളില്‍ നഗരത്തിന്റെ നിറമായി മാറുന്നവിധം, ക്ലബിന്റെ വലിയ ആരാധകവൃന്ദത്തിന്റെ പര്യായമായ പരമ്പരാഗത യെല്ലോ തീം നിലനിര്‍ത്തുന്ന തരത്തിലായിരിക്കും കിറ്റ് രൂപകല്‍പന ചെയ്യുക. ടീമുമായും താരങ്ങളുമായും കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ ആരാധകര്‍ക്കായി പ്രത്യേക ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും ഞങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും അംബര്‍ അനേജ പറഞ്ഞു.