കൊച്ചി, നവംബര്‍ 11, 2020: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിനുള്ള ടീമിന്റെ അസോസിയേറ്റ് സ്‌പോണ്‍സറായി സേവ് ബോക്‌സിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. കേരളത്തിന്റെ ആദ്യ ബിഡിങ് ആപ്ലിക്കേഷനായ സേവ് ബോക്‌സ്, 2020 ഡിസംബറില്‍ എല്ലാ ആരാധകരിലേക്കും തത്സമയം എത്തും. ഇലക്ട്രോണിക്‌സ്, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ആളുകള്‍ക്ക് ലേലം വിളിച്ചെടുക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഇത്. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍ തുടങ്ങിയവ പരമാവധി വിലക്കുറവില്‍ ആപ്ലിക്കേഷനിലൂടെ ലേലംവിളിക്കുന്നവര്‍ക്ക് നേടിയെടുക്കാനാവും. പങ്കാളിത്തത്തിന്റെ ഭാഗമായി, വരും സീസണില്‍ താരങ്ങള്‍ ധരിക്കുന്ന ഔദ്യോഗിക കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ജേഴ്‌സിയുടെ ഇടത് സ്ലീവിന്റെ താഴ്ഭാഗത്ത് സേവ് ബോക്‌സിന്റെ ലോഗോ ആലേഖനം ചെയ്യും.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആവേശകരമായ മത്സരങ്ങളിലേതിന് തുല്യമായ ഊര്‍ജ്ജവും അത്യുത്സാഹവും നിലനിര്‍ത്തുകയും, മത്സരത്തിലാവുമ്പോള്‍ യഥാര്‍ത്ഥ കളിമാന്യത കാണിക്കുകയും ചെയ്യുന്നതാണ് സേവ് ബോക്‌സ് ബിഡിങുകളെന്ന് സേവ് ബോക്‌സ് സ്ഥാപകന്‍ സ്വാതിഖ് റഹീം പറഞ്ഞു. അതിനാല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളി മനസുകളില്‍ ഒരു വികാരമായി മാറിയ കെബിഎഫ്‌സിയുടെ അസോസിയേറ്റ് സ്‌പോണ്‍സറാവുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. ഫുട്‌ബോള്‍, സ്‌പോര്‍ട്‌സ്മാന്‍ഷിപ് എന്നിവയുടെ യഥാര്‍ത്ഥ മനോഭാവത്തെ അംഗീകരിക്കാനും പിന്തുണ നല്‍കാനുമാണ് ഈ പങ്കാളിത്തത്തിലൂടെ സേവ് ബോക്‌സ് ലക്ഷ്യമിടുന്നത്- സ്വാതിഖ് റഹീം പറഞ്ഞു.
ക്ലബ്ബിന്റെ ആരാധകരുമായി ഇടപഴകുന്നതിനുള്ള പുതിയ വഴികളാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും തിരയുന്നതെന്നും കേരളത്തിന്റെ സ്വന്തമായ, കേരളത്തിന്റെ ആദ്യ ബിഡിങ് ആപ്ലിക്കേഷന്‍ വഴി ക്ലബുമായി നേരിട്ട് ബന്ധപ്പെടാന്‍ സേവ് ബോക്‌സുമായുള്ള പങ്കാളിത്തം ആരാധകരെ പ്രാപ്തരാക്കുമെന്നും പങ്കാളിത്ത പ്രഖ്യാപന വേളയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഈ പങ്കാളിത്തത്തിന്റെ നേട്ടം ഞങ്ങളുടെ ആരാധകരിലേക്കും വ്യാപിപ്പിക്കുന്നതിനും എല്ലാവര്‍ക്കുമുള്ള മൂല്യം വര്‍ധിപ്പിക്കുന്നതിനും സേവ് ബോക്‌സുമായുള്ള പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും നിഖില്‍ ഭരദ്വാജ് പറഞ്ഞു.