ആരാധകരുടെ പ്രിയതാരം ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോകുന്നു!!

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കേൾക്കാൻ ഒട്ടും ആഗ്രഹിക്കാത്ത വാർത്തയാണ് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വിശ്വസ്ഥനായ സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണ്. ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചതായി വാർത്ത നൽകിയിരിക്കുന്നത്. ടീം വിട്ട് പുതിയ ക്ലബിലേക്ക് പോകാൻ ആഗ്രഹിക്കുന്നതാണ് ക്ലബ് വിടാൻ ഉള്ള കാരണം.

പുതിയ മാനേജ്മെന്റ് വന്നതിനു പിന്നാലെയാണ് ജിങ്കന്റെ തീരുമാനം. നേരത്തെ വമ്പൻ ഓഫറുകളുമായി പല ക്ലബുകളും വന്നിട്ട് വരെ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോയിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ജിങ്കന് കഴിഞ്ഞ സീസണിൽ പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിനായി ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല.

2014 മുതൽ കേരളത്തിന്റെ നെടും തൂണായി ഒപ്പമുള്ള ജിങ്കൻ രണ്ടു ഫൈനലുകളിൽ കേരളത്തെ എത്തിക്കുന്നതിൽ പ്രധാന പങ്കുതന്നെ വഹിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി 76 മത്സരങ്ങൾ കളിച്ച ഈ താരമില്ലാതെ ബ്ലാസ്റ്റേഴ്സ് ഡിഫൻസ് സങ്കൽപ്പിക്കാൻ പോലും ആരാധകർക്ക് സാധിക്കില്ല. ഐ എസ് എല്ലിൽ തന്നെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ജിങ്കൻ.