കേരള സന്തോഷ് ട്രോഫി താരവും ഇടുക്കി സ്വദേശിയുമായ സച്ചു സിബി ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ചെന്നൈയിൻ എഫ് സിയിൽ.
3 വർഷത്തെ കരാറിലാണ് കേരള യുണൈറ്റഡിൽ നിന്നും ചെന്നൈയിൻ എഫ് സിയിൽ എത്തിയത്.
ഇടുക്കി, കുമളിയിൽ മാസ്റ്റർ പീസ് ക്ലബ്ബിലൂടെയാണ് സച്ചുവിന്റെ ക്ലബ്ബ് കരിയർ ആരംഭിക്കുന്നത്. പത്തിൽ പഠിക്കുമ്പോഴാണ് സച്ചു U17 സ്കൂൾസ് കളിക്കുന്നത് തുടർന്ന് കേരള ടീമിൽ മികച്ച പ്രകടനം കൊണ്ട് ഇടംപിടിച്ചു.കേരള ടീമിൽ മിന്നും പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആദ്യമായി കേരളത്തിനു പുറത്തു U18 വിഭാഗത്തിൽ ഓസോൺ എഫ് സിയിൽ അവസരം തേടിയെത്തി. പ്രായത്തെക്കാൾ കളി കാലിലുണ്ടെന്ന് തിരിച്ചറിഞ്ഞ കോച്ച് ഡേവിഡ് ബൂത്ത് സച്ചുവിനെ സീനിയർ ടീമിൽ ഉൾപെടുത്തി.
ഓസോണിൽ കളിക്കുന്നതിനിടെയാണ് മലയാളി സ്റ്റാർ കോച്ച് ബിനോ ജോർജ് സച്ചുവിനെ ശ്രദ്ധിക്കുന്നത്. സച്ചുവിന്റെ കളി മനസ്സിലാക്കിയ ബിനോ കോച്ച് താരത്തെ കേരള യുണൈറ്റഡിൽ എത്തിച്ചു.ചിട്ടയായ പരിശീലനത്തിന്റെ ഭാഗമായി കേരള സന്തോഷ് ട്രോഫി ടീമിലേക്കും വിളിയെത്തി. ഗോവക്കെതിരെ മികച്ച കളി കാഴ്ച വച്ച സച്ചുവിന് മഹാരാഷ്ട്രക്കെതിരെ കളിക്കുമ്പോൾ പരിക്ക് വില്ലനായി എത്തി.
പരുക്ക് മാറി കേരള പ്രിമിയർ ലീഗിൽ കളിച്ചു തുടങ്ങിയ സച്ചു 2022-2023 സീസണിൽ കേരള പ്രീമിയർ ലീഗിൽ ചാമ്പ്യൻ ആയി. വയനാട് കൽപ്പറ്റയിൽ നടന്ന ഫൈനലിൽ ഗോകുലം കേരള എഫ് സിയെ പരാജയപ്പെടുത്തി കപ്പ് ഉയർത്തിയ ടീമിന്റെ പ്രധാന ഭാഗമായിരുന്നു സച്ചു.
എൻ പി പ്രദീപിന് ശേഷം ആദ്യമായാണ് ഇടുക്കിയിൽ നിന്നും ഒരു താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്. സച്ചു സിബിയുടെ ട്രാൻസ്ഫർ കഴിഞ്ഞ ദിവസം ചെന്നൈയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.