ബെംഗളൂരു വീണു!! ഇഞ്ച്വറി ടൈമിൽ നോർത്ത് ഈസ്റ്റ് വിജയം

- Advertisement -

ബെംഗളൂരു എഫ് സിയെ തോൽപ്പിക്കുക എന്ന നോർത്ത് ഈസ്റ്റിന്റെ വലിയ മോഹം പൂവണിഞ്ഞു. ഐ എസ് എല്ലിൽ അവസാനം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരുവിനെ തോൽപ്പിച്ചു. ഇന്ന് ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഗുവാഹത്തിൽ നടന്ന ബെംഗളൂരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്. ഒരു ഇഞ്ച്വറി ടൈം ഗോളാണ് നോർത്ത് ഈസ്റ്റിന് ഈ വലിയ വിജയം നൽകിയത്.

മികച്ച രീതിയിൽ കളി തുടങ്ങിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആയിരുന്നു‌. ആദ്യ പകുതിയുടെ 19ആം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ലീഡെടുത്തു. റെഡീമിന്റെ ഒരു ഇടംകാലൻ സ്ട്രൈക്കാണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്.

ആ ലീഡ് 82ആം മിനുട്ട് വരെ നീണ്ടുനിന്നു. 82ആം മിനുട്ടിൽ സുനിൽ ഛേത്രിയുടെ ഒരു ബ്രില്യൻസ് ആയിരുന്നു ബെംഗളൂരു ഗോളിലേക്ക് എത്തിച്ചത്. ബോക്സിന്റെ ഇടതുവശത്ത് നിന്ന് ഡിഫൻഡറെ കബളിപ്പിച്ച് ഛേത്രി നൽകിയ പാസ് ടാപിന്നിലൂടെ സിസ്കോ വലയിൽ എത്തിച്ചു. അതോടെ ബെംഗളൂരുവിനെതിരെ ആദ്യ വിജയം നേടാമെന്ന നോർത്ത് ഈസ്റ്റിന്റെ പ്രതീക്ഷ അവസാനിച്ചു എന്ന് കരുതി. പക്ഷെ അവസാന നിമിഷം വരെ പൊരുതിയ നോർത്ത് ഈസ്റ്റിന് വിജയത്തിനുള്ള വഴി പെനാൾട്ടിയിലൂടെ വന്നു.

കളിയുടെ 94ആം മിനുട്ടിൽ ഖാബ്ര ചെയ്ത ഒരു ഫൗളിന് റഫറി പെനാൾട്ടി വിധിച്ചു. ഒരു പിഴവും ഇല്ലാതെ മസിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് നോർത്ത് ഈസ്റ്റിന് വിജയം ഉറപ്പിച്ചു കൊടുത്തു. മാർച്ച് പതിനൊന്നിനാണ് രണ്ടാം പാദ മത്സരം നടക്കുക.

Advertisement