പത്ത് പേരുമായി രണ്ടാം പകുതി കളിച്ചിട്ടും പരാജയപ്പെടാതെ നോർത്ത് ഈസ്റ്റ്

ഒരു ചുവപ്പ് കാർഡ് കണ്ട് കളിയുടെ പകുതിയും 10 പേരുമായി കളിച്ചിട്ടും പരാജയപ്പെടാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്‌. ഇന്ന് സ്വന്തം ഗ്രൗണ്ടായ ഗുവാഹത്തിയിൽ ജംഷദ്പൂരിനെതിരെ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ പൊരുതൽ. 1-1 എന്ന സമനിലയിൽ ആണ് കളി അവസാനിച്ചത്. കളിയുടെ ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് നോർത്ത് ഈസ്റ്റ് മുന്നിട്ട് നിന്നതായിരുന്നു.

കഴിഞ്ഞ കളിയിലെ ഹാട്രിക്ക് ഹീറോ ഒഗ്ബചെ ആയിരുന്നു ഇന്നും നോർത്റ്റ് ഈസ്റ്റിനായി വല കുലുക്കിയത്. 20ആം മിനുട്ടിൽ ജംഷദ്പൂർ ഡിഫൻസിന്റെ അബദ്ധം മുതലെടുത്തായിരുന്നു ഒഗ്ബെചെയുടെ ഗോൾ. ബോക്സിൽ നിന്ന് പന്ത് കൈക്കലാക്കിയ ഒഗ്ബചെ മികച്ച ടേണിനൊടുവിൽ ഗോൾ വലയിൽ പന്ത് എത്തിക്കുകയായിരുന്നു. ഒഗ്ബെചെയുടെ ഈ ഗോൾ സീസണിലെ താരത്തിന്റെ അഞ്ചാമത്തെ ഗോളാണ്.

തീർത്തും നോർത്ത് ഈസ്റ്റിന്റെ വരുതിയിലായിരുന്ന കളിയിൽ ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ആയിരുന്നു ചുവപ്പ് കാർഡ് പിറന്നത്. നോർത്ത് ഈസ്റ്റ് ഡിഫൻഡർ കൊമോർസ്കി ആണ് ചുവപ്പ് കണ്ട് പുറത്തായത്. ബോൾ ഇല്ലാത്ത സമയത്ത് കാൽവോയെ പഞ്ച് ചെയ്തതിനായിരുന്നു കൊമോർസ്കിക്ക് ചുവപ്പ് കിട്ടിയത്.

രണ്ടാം പകുതിയിൽ പത്ത്പേരുമായി ഇറങ്ങിയ നോർത്ത് ഈസ്റ്റിനെതിരെ പെട്ടെന്ന് തന്നെ ജംഷദ്പൂർ സമനില ഗോൾ നേടി. 49ആം മിനുട്ടിൽ മൊർഗാനോയുടെ ക്രോസിൽ നിന്ന് ഫറൂഖ് ചൗധരി ആയിരുന്നു സമനില ഗോൾ നേടിയത്. വിജയം ജംഷദ്പൂർ കൊണ്ടു പോകുമെന്ന് തോന്നിച്ചു എങ്കിലും നോർത്ത് ഈസ്റ്റ് പത്തുപേരുമായി ഡിഫൻഡ് ചെയ്ത് മത്സരം സമനില തെറ്റിക്കാതെ നിർത്തിച്ചു. ഓസ്ട്രേലിയ സൂപ്പർ താരം ടിം കാഹിലിനെ രണ്ടാം പകുതിയിൽ ഇറക്കി എങ്കിലും അതും ജംഷദ്പൂരിന് ഗുണം ചെയ്തില്ല.

നാലു മത്സരങ്ങളിൽ നിന്ന് എട്ടു പോയന്റായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ ഒന്നാമതെത്തി. ആറു പോയന്റുമായി ജംഷദ്പൂർ ലീഗിൽ നാലാം സ്ഥാനത്ത് തുടരും