കൈ കൊണ്ട് കാല്പന്തു കളിച്ചത് വിനയായി, ചെന്നൈയിന് സ്വന്തം നാട്ടിൽ തോൽവി

- Advertisement -

ചെന്നൈ മറീന അരീനയിൽ വീണ്ടും ചെന്നൈയിൻ ജയമില്ലാതെ കയറി. ഇന്ന് എ ടി കെയുമായുള്ള മത്സരത്തിൽ 3-2 എന്ന പരാജയമാണ് ചെന്നൈയിൻ നേരിടേണ്ടി വന്നത്. ഹാൻഡ് ബോളുകൾ കാരണം പിറന്ന് രണ്ട് പെനാൾട്ടികളാണ് ചെന്നൈയിന്റെ വിധി എഴുതിയത്. രണ്ട് പെനാൾട്ടിയും ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ച ലാൻസരോട്ടെ ഇന്ന് എ ടി കെയ്ക്ക് വേണ്ടി മിന്നി.

കളി തുടങ്ങി 14ആം മിനുട്ടിൽ ജയേഷ് റാണെ ആണ് ആദ്യം ചെന്നൈയിന്റെ വല കുലുക്കിയത്. റാണെയുടെ 30 വാരെ അകലെ നിന്നുള്ള ലോംഗ് റേഞ്ചർ തടുക്കാൻ ചെന്നൈയിൻ കീപ്പർ സഞ്ജീബൻ ഘോഷിനായില്ല. മുൻ ചെന്നൈയിൻ താരമായ റാണെ തന്റെ ഗോൾ ആഹ്ലാദിക്കാതെ ചെന്നൈയിനോടുള്ള ബഹുമാനം കാണിച്ചത് ശ്രദ്ധേയമായി. ആ ഗോളിന് പെട്ടെന്ന് തന്നെ തിരിച്ചടി നൽകാൻ ചെന്നൈയിനായി. 24ആം മിനുട്ടിൽ തോയ് സിംഗിലൂടെ ആയിരുന്നു ചെന്നൈയിന്റെ സമനില ഗോൾ. ചെന്നൈയിന് ലഭിച്ച കോർണർ ബോക്സിൽ നിന്ന് അകറ്റാൻ എ ടി കെ ഡിഫൻസിന് ആവാതെ വന്നപ്പോൾ തോയ് സിംഗ് അത് മുതലെടുക്കുകയായിരുന്നു.

കളിയുടെ 44ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഹാൻഡ് ബോൾ വന്നത്. ഗോളെന്ന് ഉറച്ച ഒരു ഷോട്ട് ഹാൻഡിൽ ചെയ്തതിനായിരുന്നു ആ പെനാൾട്ടി ഡിസിഷൻ വന്നത്. ലാൻസറോട്ടെ ഒരു പിഴവുമില്ലാതെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. കളിയുടെ 80ആം മിനുട്ടിൽ ആയിരുന്നു രണ്ടാം ഹാൻഡ് ബോൾ. ഇത്തവണയും റഫറി കൈകൊണ്ട് കളിക്കാൻ അനുവദിക്കാതെ പെനാൾട്ടി വിധിച്ചു. വീണ്ടും ലാനസരോട്ടെ സ്പോട്ടിൽ നിന്ന് ഗോളും നേടി.

കളിയുടെ 89ആം മിനുട്ടിൽ ഐസാകിലൂടെ ഒരു ഗോൾ മടക്കി എങ്കിലും ചെന്നൈയിനെ പരാജയത്തിൽ രക്ഷിക്കാൻ ആ ഗോളിനായില്ല. ഈ ജയം എ ടി കെയെ നാലാം സ്ഥാനത്തോട് അടുപ്പിച്ചു. 15 പോയന്റാണ് ഇപ്പോൾ എ ടി കെയ്ക്ക് ഉള്ളത്. ചെന്നൈയിന് ഇതുവരെ ആകെ അഞ്ചു പോയന്റ് മാത്രമെ ഉള്ളൂ.

Advertisement