റഫറിയുടെ വിവാദ തീരുമാനങ്ങൾ കണ്ട മത്സരത്തിൽ ചെന്നൈയിനെ സമനിലയിൽ തളച്ച് ഒഡീഷ എഫ്സി. ചെന്നൈയിൽ വെച്ചു നടന്ന മത്സരത്തിൽ ഒഡീഷയുടെ ആദ്യ ഗോൾ അടക്കം റഫറിയുടെ തീരുമാനങ്ങൾ ചെന്നൈയിൻ എഫ്സിക്ക് തിരിച്ചടി ആയി. ഇതോടെ ഒഡീഷ ആറാമതും ചെന്നൈയിൻ എട്ടാമതും തുടരുകയാണ്.
ചെന്നൈയിന് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ കൃത്യമായ മുൻതൂക്കം. എന്നാൽ ഗോൾ നേടാൻ കഴിഞ്ഞത് ഒഡീഷക്ക് ഉണർവേകി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ചെന്നൈയിൻ ആക്രമണങ്ങളിൽ ഒഡീഷ പ്രതിരോധം വിറച്ചു. അനിരുദ്ധ് ഥാപയുടെ ക്രോസിൽ വിൻസി ബാറേറ്റോയുടെ മികച്ചൊരു ഹെഡർ അമരിന്ദർ സിങ് രക്ഷിച്ചെടുത്തു. ഇരുപത്തിനാലാം മിനിറ്റിൽ കളിയുടെ ഗതിക്ക് എതിരായി ഗോൾ നേടിക്കൊണ്ട് ഒഡീഷ ആതിഥേയരെ ഞെട്ടിച്ചു. ഐസക് റാൾതെയുടെ ത്രൂ ബോൾ പിടിച്ചെക്കുമ്പോൾ ഡീഗോ മൗറീസിയോ ഓഫ്‌സൈഡ് പൊസിഷനിൽ ആയിരുന്നെങ്കിലും റഫറിയുടെ കനിവിൽ ഒഡീഷ മത്സരത്തിൽ ലീഡ് എടുത്തു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ സമനില ഗോൾ നേടിക്കൊണ്ട് ചെന്നൈയിൻ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇടത് വിങ്ങിൽ ആകാശ് സാങ്വാന്റെ ക്രോസിലേക്ക് ഓടിയെടുത്ത അനിരുദ്ധ് ഥാപയാണ് വല കുലുക്കിയത്. പിന്നീട് ഐസക്ക് റാൾതെ ഗോൾ നേടിയെങ്കിലും ഇത്തവണ റഫറി ഓഫ്‌സൈഡ് വിധിച്ചിരുന്നു.
രണ്ടാം പകുതി ആരംഭിച്ചു ഉടനെ തന്നെ ഒഡീഷ ലീഡ് തിരിച്ചു പിടിച്ചു. നന്ദകുമാറിന്റെ ക്രോസ് പിടിച്ചെടുത്തു രണ്ടു എതിർ താരങ്ങളെ മറികടന്ന് ഐസക് റാൾതെയാണ് ഒഡീഷക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. അൻപതിയേഴാം മിനിറ്റിൽ അബ്‌ദ്നാസർ ഖയാതിയുടെ ഗോളിൽ ചെന്നൈയിൻ ഒരിക്കൽ കൂടി സ്‌കോർ നില തുല്യമാക്കി. വിൻസി ബറേറ്റോ ബോസ്‌കിന് മുന്നിലേക്കായി നൽകിയ പാസ് ക്ലിയർ ചെയ്തത് ഖയാതിയുടെ കാലുകളിൽ എത്തിയപ്പോൾ താരം അനായാസം ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് ഖയാതിയെ ലാൽറുവാത്താര വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചില്ല. താരത്തിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ കൊണ്ടു തെറിച്ചതോടെ ഭാഗ്യവും ചെന്നൈയിന്റെ കൂടെയില്ലെന്ന് ഉറപ്പായി.