ബെംഗളൂരു എഫ് സി ഇന്ന് പൂനെയിൽ

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണിലെ പൂനെയുടെ ആദ്യ ഹോം മത്സരം ഇന്ന് നടക്കും. ബെംഗളൂരു എഫ് സിയെ ആണ് പൂനെ സിറ്റി ഇന്ന് നേരിടുക. പൂനെയുടെ ആദ്യ ഹോം മത്സരം എന്നത് പോലെ ബെംഗളൂരു എഫ് സിയുടെ ആദ്യ എവേ മത്സരം കൂടിയാണിത്. ഇതുവരെ ഒരു വിജയം പോലുമില്ലാതെ നിൽക്കുന്ന പൂനെ സിറ്റിക്ക് ഇന്ന് ആദ്യ വിജയം കുറിച്ചെ പറ്റൂ. ഇത്രയും വലിയ താര നിര ഉണ്ടായിട്ടും വിജയത്തിലേക്ക് എത്താൻ കഴിയാത്ത കോച്ച് മിഗ്വേൽ ഏഞ്ചലിനെയും സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്.

രണ്ട് മത്സരത്തിൽ ഒരു സമനിലയും ഒരു പരാജയവുമാണ് പൂനെ സിറ്റിയുടെ സമ്പാദ്യം. കഴിഞ്ഞ കളിയിൽ മഹാ ഡർബിയിൽ പൂനെ പരാജയപ്പെട്ടിരുന്നു. ഇന്ന് മാർസലിനോ ആദ്യ ഇലവനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടെ അറ്റാക്കിംഗിലെ പ്രശ്നങ്ങൾ അവസാനിക്കുമെന്നും മിഗ്വേൽ ഏഞ്ചൽ കരുതുന്നു.

മറുവശത്ത് രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനവുമായാണ് ബെംഗളൂരു എഫ് സി എത്തുന്നത്. ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നൈയിനെ തോൽപ്പിച്ച ബെംഗളൂരു കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനെതിരെ 2-2 സമനിലയും നേടിയിരുന്നു. ഇന്ന് വിജയിച്ചാൽ ലീഗിൽ ഒന്നാമത് എത്താം എന്നതും ബെംഗളൂരു എഫ് സിക്ക് പ്രചോദനമാകും.

കഴിഞ്ഞ സീസണിൽ ഐ എസ് എൽ സെമി ഫൈനലിൽ പൂനെ സിറ്റിയെ തോൽപ്പിച്ചായിരുന്നു ബെംഗളൂരു എഫ് സി ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ സീസണിൽ നാലു തവണ നേർക്കുനേർ വന്നിട്ടും ബെംഗളൂരുവിനെ തോൽപ്പിക്കാൻ പൂനെ സിറ്റിക്കായിരുന്നില്ല.

Advertisement