പ്രധാന സ്ട്രൈക്കർമാർ ഇല്ലാതെ എ ടി കെയും പൂനെ സിറ്റിയും നേർക്കുനേർ

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിൽ എ ടി കെ കൊൽക്കത്ത പൂനെ സിറ്റിയെ നേരിടും. ഒരു ജയം വരെ ഇല്ലാതെയാണ് പൂനെ സിറ്റി കൊൽക്കത്തയിൽ എത്തുന്നത്. ഒരു മത്സരം ജയിച്ച് എങ്ങനെയെങ്കിലും അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെടാൻ ആകും പൂനെ സിറ്റി നോക്കുക. ഇന്ന് സ്ട്രൈക്കർ മാർസലീനോ ഇല്ലാതെ ആകും പൂനെ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മാർസലീനോ ചുവപ്പ് കണ്ട് പുറത്ത് പോയിരുന്നു.

എ ടി കെ ആണെങ്കിൽ കാലു ഉചെ ഇല്ലാതെ ആണ് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ ഉചെ ഡിസംബർ വരെ‌ പുറത്തായിരിക്കും എന്ന് ടീം അറിയിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ ബെംഗളൂരുവിനോട് തോറ്റാണ് കോപ്പലിന്റെ ടീം വരുന്നത്. ഡിഫൻസിലെ പിഴവുകളാണ് കോപ്പലാശാന് ഈ സീസണിൽ വിനയാകുന്നത്. ലീഗിൽ ഇതുവരെ ഒരു ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ കോപ്പലിന്റെ ടീമിന് ആയിട്ടില്ല.

ലാൻസരോട്ടെ തന്റെ മികവിലേക്ക് എത്തുന്നില്ല എന്നതും എ ടി കെയുടെ പ്രശ്നമാണ്. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം നടക്കുക.