പ്ലേ ഓഫ് സ്ഥാനം നാലു പോയിന്റ് മാത്രം അകലെ, ഈ ജയം പ്രതീക്ഷയാണ്

20210120 214908
Credit: Twitter
- Advertisement -

ഇന്ന് വിജയിച്ചില്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ മെല്ലെ എങ്കിലും മറന്നു തുടങ്ങേണ്ടി വന്നേനെ. എന്നാൽ ഇന്നത്തെ ജയം ആ വലിയ പ്രതീക്ഷകൾക്ക് ജീവൻ നൽകുകയാണ്. ഒരു ടീമിന് മുഴുവൻ ഊർജ്ജം നൽകാൻ പോകുന്ന ജയമാണ് ബെംഗളൂരുവിന് എതിരെ നേടിയത്. പരിക്കുകൾ ഒക്കെ മറികടന്ന തിരിച്ചടി. അതും രണ്ട് ഇന്ത്യൻ ഗോൾ സ്കോറർമാർ. അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതെയുള്ള പോരാട്ടം. കേരള ബ്ലാസ്റ്റേഴ്സിന് എടുക്കാൻ ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ ഇതിലുണ്ട്.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 13 പോയിന്റിൽ എത്തി. ഇപ്പോൾ ഒമ്പതാം സ്ഥാനത്ത് ആണ്. എങ്കിലും എട്ടാമതുള്ള ജംഷദ്പൂരിനും ഏഴാമതുള്ള ബെംഗളൂരുവിനും 13 പോയിന്റ് തന്നെയെ ഉള്ളൂ. അഞ്ചാമതുള്ള നോർത്ത് ഈസ്റ്റിനും ആറാമതുള്ള ചെന്നൈയിനും 15 പോയിന്റ്. കേരള ബ്ലാസ്റ്റേഴ്സിന് വെറും രണ്ട് പോയിന്റിന്റെ വ്യത്യാസം. പ്ലേ ഓഫ് കിട്ടാൻ നാലാം സ്ഥാനത്ത് എങ്കിലും എത്തണം. നാലാമതുള്ള ഹൈദരബാദ് ആകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം. അവർക്ക് 17 പോയിന്റാണ് ഉള്ളത്. ഇനി എട്ടു മത്സരങ്ങൾ ആണ് എല്ലാവർക്കും ബാക്കിയുള്ളത്. ആ മത്സരങ്ങൾക്ക് ഇടയിൽ ഈ നാലു പോയിന്റ് ഒക്കെ മറികടക്കാൻ ആവുന്നതെ ഉള്ളൂ. അവസാന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് കാണിക്കുന്ന ഫോം തുടർന്നാൽ തന്നെ ഇതിനു സാധിക്കും.

ഫകുണ്ടോയും ജസലും പെട്ടെന്ന് പരിക്ക്മാറി വരും എന്നും ജോർദൻ മറിയുടെ പരിക്ക് അത്ര സാരമുള്ളതാകില്ല എന്നും കരുതാം. അങ്ങനെ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താനുള്ള എല്ലാ സാധ്യതയും ഫുട്ബോൾ നിരീക്ഷിക്കുന്നവർക്ക് കാണാൻ ആകും.

Advertisement