ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ മുംബൈ സിറ്റിക്ക് ജയത്തോടെ പുതിയ സീസണിന് ആരംഭം. പെരേര ഡിയാസ് നേടിയ ഇരട്ട ഗോളുകൾ തുണച്ചപ്പോൾ നോർത്ത് ഈസ്റ്റിനെ മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കുകയായിരുന്നു. നോർത്ത് ഈസ്റ്റിന് വേണ്ടി പാർത്ഥിബ് ഗോഗോയി വല കുലുക്കി. തോൽവി നേരിട്ടെങ്കിലും നിരാശാജനകമായ സീസണിൽ നിന്നും കരകയറുന്നതിന്റെ സൂചനകൾ നോർത്ത് ഈസ്റ്റ് കളത്തിൽ പുറത്തെടുത്തു.
തുടക്കത്തിൽ തന്നെ പാർത്ഥിബ് ഗോഗോയി ലോങ് റേഞ്ചറിലൂടെ കീപ്പറേ പരീക്ഷിച്ചു. 25ആം മിനിറ്റിൽ മുംബൈ ലീഡ് എടുത്തു. ബോക്സിനുള്ളിൽ ചാങ്തെ ഒരുക്കി നൽകിയ അവസരം പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ചു പെരേര ഡിയാസ് വലയിൽ എത്തിക്കുകയായിരുന്നു. വിപിൻ, ചാങ്തെ എന്നിവർ അടങ്ങിയ മികച്ചൊരു നീക്കമായിരുന്നു ഗോളിൽ കലാശിച്ചത്. എന്നാൽ പാർത്ഥിബ് ഗോഗോയി അതിമനോഹരമായ ഒരു ഫിനിഷിങിലൂടെ 31ആം മിനിറ്റിൽ ഗോൾ മടക്കി. എതിർ പകുതിയുടെ മധ്യത്തിൽ നിന്നും കൈക്കലാക്കിയ ബോൾ ഗോഗോയിൽ എത്തിയപ്പോൾ താരം ഒട്ടും സമയം കളയാതെ ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ആഘോഷം അവസാനിക്കും മുൻപ് മുംബൈ ലീഡ് തിരിച്ചു പിടിച്ചു. ബോസ്‌കിനുള്ളിലേക്ക് എത്തിയ ക്രോസ് മേഹ്താബ് മറിച്ചു നൽകിയപ്പോൾ ആക്രോബാറ്റിക് ഫിനിഷിങിലൂടെ പേരെര ഡിയാസ് തന്നെ ഒരിക്കൽ കൂടി വല കുലുക്കി. 37ആം മിനിറ്റിലാണ് ഗോൾ പിറന്നത്. താരത്തിന്റെ മറ്റൊരു ശ്രമം കീപ്പർ മുന്നേട്ട് കയറി വന്നു തടുത്തു. മിർഷാദിന്റെ വലിയൊരു പിഴവ് ചാങ്തെക്ക് മുതലെടുക്കാൻ കഴിയാതെ പോവുക കൂടി ചെയ്തതോടെ ആദ്യ പകുതി ഇതേ സ്‌കോർ നിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. പാർത്ഥിബിന്റെ ദുർബലമായ ഷോട്ട് കീപ്പർ കൈക്കലാക്കി. താരത്തിന്റെ മറ്റൊരു ഷോട്ട് ലക്ഷ്യം തെറ്റി അകന്നു. ഗോഗോയി തന്നെ ആയിരുന്നു നോർത്ത് ഈസ്റ്റിന് വേണ്ടി നിരവധി ശ്രമങ്ങൾ നടത്തിയത്. ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോൾ ശ്രമം ആശീർ തടുത്തു. കോർണറിൽ നിന്നും മേഹ്താബ് വല കുലുക്കി എങ്കിലും ചാങ്തെ കീപ്പറേ തടഞ്ഞത് ചൂണ്ടിക്കാണിച്ചു റഫറി ഗോൾ അനുവദിച്ചില്ല. നെസ്റ്ററുടെ മികച്ചൊരു ശ്രമം നവാസ് തടുത്തു. ഇഞ്ചുറി ടൈമിൽ ചാങ്തെയുടെ ഗോൾ എന്നുറപ്പിച്ച ശ്രമം കീപ്പർ തടുത്തത് പൊസിറ്റിലും തട്ടി ഗോൾ വര കടക്കാതെ പോയി.