മുംബൈ സിറ്റിക്ക് ഈ സീസൺ ഐ എസ് എല്ലിലെ ആദ്യ വിജയം. എഫ് സി ഗോവയ്ക്ക് എതിരെ ഏറെ കഷ്ടപെട്ട മുംബൈ സിറ്റി അവസാന മിനുട്ടിലെ ഒരു പെനാൾട്ടി ഗോളിലാണ് വിജയം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നും മുംബൈ സിറ്റിയുടെ വിജയം. ലീഗിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്ന മുംബൈ സിറ്റി ഇന്ന് എഫ് സി ഗോവയോടും നല്ല ഫുട്ബോൾ അല്ല കളിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്തു പേരുമായായി കളിച്ച ഗോവയ്ക്ക് എതിരെ ഒരു ഗോൾ നേടാൻ മുംബൈ സിറ്റിക്ക് കഷ്ടപ്പെടുന്നതാണ് ഇന്ന് കണ്ടത്.
ലൊബേര തന്റെ പഴയ ക്ലബിനെതിരെ വന്നപ്പോൾ ആവേശം നിറഞ്ഞ മത്സരമാണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും ഫൗളുകൾ നിറഞ്ഞ മത്സരമാണ് കാണാൻ കഴിഞ്ഞത്. തുടക്കം മുതൽ ടാക്കിളുകൾ നിറഞ്ഞ മത്സരത്തിൽ 40ആം മിനുട്ടിൽ ആയിരുന്നു ചുവപ്പ് കാർഡ് പിറന്നത്. ഗോവൻ താരം റെഡീം തലാങ് ആണ് വളരെ അപകടം പിടിച്ച ഒരു ടാക്കിൾ നടത്തി കളം വിട്ടത്.
ചുവപ്പ് കിട്ടി കളിക്കാരുടെ എണ്ണം കുറഞ്ഞു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ എഫ് സി ഗോവയ്ക്ക് ആണ് ആയത്. അവരുടെ രണ്ട് മികച്ച അവസരങ്ങൾ മുംബൈ കീപ്പർ അമ്രീന്ദ്രർ ആണ് തട്ടി അകറ്റിയത്. കളിയുടെ അവസാനം ഒഗ്ബെചെയെ ഇറക്കിയതിനു ശേഷം മാത്രമാണ് മുംബൈ സിറ്റി ആക്രമണം തുടങ്ങിയത്. മുംബൈ സിറ്റിയുടെ ഏറ്റവും മികച്ച അവസരം ലഭിച്ചത് മന്ദർ റാവുവിനായിരുന്നു. എന്നാൽ മന്ദർ ഒരു സിറ്റർ അവസരം ആണ് നഷ്ടമാക്കിയത്.
കളി സമനിലയിലേക്ക് പോവുക ആണ് എന്ന് തോന്നിയ നിമിഷത്തിൽ ഒരു പെനാൾട്ടി മുംബൈയുടെ രക്ഷയ്ക്ക് എത്തി. 92ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിനായിരുന്നു പെനാൾട്ടി ലഭിച്ചത്. പെനാട്ടി ലെ ഫൊണ്ട്രെ സുഖമായി ലക്ഷ്യത്തിൽ എത്തിച്ചു. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മുംബൈ സിറ്റിക്ക് ൽ3 പോയിന്റ് ആണ് ഉള്ളത്. ഗോവയ്ക്ക് ഒരു പോയിന്റും.