യുവ താരം പാർത്ഥിബ് ഗോഗോയി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പുതിയ കരാർ ഒപ്പിട്ടു. ഇതോടെ 2027 വരെ താരത്തെ ടീമിൽ നിലനിർത്താൻ നോർത്ത് ഈസ്റ്റിനാവും. പാർത്ഥിബിന്റെ നിലവിലെ കരാർ 2025വരെ ആയിരുന്നു. ഇതോടെ 20കാരനായ താരത്തിന് ചുറ്റും തന്നെയാണ് ടീമിന്റെ ഭാവി പദ്ധതികളും ഉണ്ടാവുക എന്നുറപ്പായി. കഴിഞ്ഞ സീസണിൽ മാത്രം ടീമിനായി അരങ്ങേറിയ താരം ഇപ്പോൾ ടീമിന്റെ നെടുംതൂണായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
പുതിയ കരാർ ഒപ്പിടാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നതായി പാർത്ഥിബ് പ്രതികരിച്ചു. നോർത്ത് ഈസ്റ്റ് തന്റെ രണ്ടാം വീട് ആണെന്നും തനിക്ക് എന്നും അവസരങ്ങൾ നൽകുന്നതിൽ ടീമിനോട് കടപ്പെട്ടിരുന്നു എന്നും താരം പറഞ്ഞു. ടീമിന് വേണ്ടി കളത്തിൽ കൂടുതൽ സംഭാവന ചെയ്യാനാണ് താൻ ലക്ഷ്യമിടുന്നത് എന്നും താരം കൂട്ടിച്ചേർത്തു. പാർത്ഥിബിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നത് ആണെന്ന് കോച്ച് ഹുവാൻ പെഡ്രോ പറഞ്ഞു. “കഴിവും, കഠിനാധ്വാനവും കൂടാതെ സ്വാഭാവികമായി ലഭിച്ച പ്രതിഭയും കൂടി ചേരുമ്പോൾ ടീമിന്റെ വിലമതിക്കാനാവാത്ത താരമായി പാർത്ഥിബിനെ മാറുന്നുണ്ട്. അദ്ദേഹത്തിന്റെ കഴിവുകൾ തേച്ചു മിനുക്കാനും വരും സീസണുകളിൽ വലിയ നേട്ടങ്ങൾ കൊയ്യാനും ആണ് തങ്ങൾ ലക്ഷ്യമിടുന്നത്”, പെഡ്രോ കൂടിച്ചേർത്തു.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് അസം താരമായ പാർത്ഥിബ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. ഇന്ത്യൻ ആരോസിന് വെണ്ടി ബൂട്ടു കെട്ടി പ്രൊഫഷണൽ കരിയർ ആരംഭിച്ച താരം ഐ ലീഗിൽ ആയിരുന്നു ആദ്യം കളത്തിൽ ഇറങ്ങിയത്. മുംബൈ സിറ്റിക്കെതിരെ നോർത്ത് ഈസ്റ്റിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. മൂന്ന് ഗോളും ഒരു അസിസ്റ്റും ആദ്യ സീസണിൽ സ്വന്തമാക്കി. ഇത്തവണ കളിച്ച മൂന്നിൽ മൂന്ന് മത്സരങ്ങളിലും ഗോൾ അടിച്ചു കൊണ്ട് താരം തന്റെ വരവറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം അടിമുടി മാറ്റവുമായി എത്തുന്ന നോർത്ത് ഈസ്റ്റിന്റെ പ്രധാന പ്രതീക്ഷകളിൽ ഒന്നാണ് പാർത്ഥിബ്. തന്റെ ലോങ് റേഞ്ചർ ഗോളുമായി ആരാധകർക്കിടയിലും പാർത്ഥിബ് തരംഗം സൃഷ്‌ടിച്ചു കഴിഞ്ഞു.