ഒഗ്ബെചെയുടെയും പിള്ളേരുടെയും താണ്ഡവം, നോർത്ത് ഈസിന്റെ വല നിറച്ച് ഹൈദരാബാദ്

Img 20211213 213544

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഹൈദരബാദിന് വൻ വിജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട ഹൈദരാബാദ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ച ഒഗ്ബെചെ ആണ് ഹൈദരബാദിന്റെ ഇന്നത്തെ താരമായത്. ഇന്ന് 12ആം മിനുട്ടിൽ തന്നെ ഹൈദരാബാദ് ലീഡ് എടുത്തു. ഒരു സെറ്റ് പ്ലേയിൽ നിന്ന് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയ പന്ത് ഗോൾവലയിലേക്ക് തിരിച്ച് വിട്ട് ചിംഗ്ലൻസെന ആണ് ഹൈദരബാദിന്റെ ആദ്യ ഗോൾ നേടിയത്.

പിന്നാലെ 27ആം മിനുട്ടിൽ ഒഗ്ബെചെ ലീഡ് ഇരട്ടിയാക്കി. 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിലെ കൂട്ടപൊരിച്ചലിന് ഒടുവിൽ റാൾട്ടെ നോർത്ത് ഈസ്റ്റിനായി ഒരു ഗോൾ മടക്കി. ആദ്യ പകുതി 2-1 എന്ന രീതിയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ കളി ഹൈദരബാദ് മൊത്തമായി കൊണ്ടു പോയി. 78ആം മിനുട്ടിൽ ഒഗ്ബെചെയുടെ ഒരു ലോങ് റേഞ്ചർ സുഭാഷിഷിനെ കീഴ്പ്പെടുത്തി മൂന്നാം ഗോളായി മാറി. പിന്നാലെ സബ്ബായി എത്തിയ ജാദവും സിവേറിയോ ടോറോയും വല കുലുക്കിയതോടെ ജയം പൂർത്തിയായി.

ഈ ജയത്തോടെ 5 മത്സരങ്ങളിൽ 10 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ രണ്ടാമത് എത്തി. നോർത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്.

Previous articleറൊണാൾഡോക്ക് സിമിയോണിയുടെ അത്ലറ്റിക്കോ, മെസ്സിക്ക് റയൽ മാഡ്രിഡ്, ലിവർപൂളിന് ഇന്റർ മിലാൻ
Next articleകേരള വനിതാ ലീഗ്, കടത്തനാട് രാജയുടെ വല നിറച്ച് ഡോൺ ബോസ്കോ