ക്യാപ്റ്റൻ ഒഗ്ബെചെയും കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹം

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര നല്ല കാലമല്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ഒഗ്ബെചെയും ക്ലബ് വിടുമെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. ഒഗ്ബെചെ ഐ എസ് എല്ലിലെ മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഇന്ത്യയിൽ പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റ് ആയ മാർകസ് മെർഗുലാവോ റിപ്പോർട്ട് ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടി കുറക്കാൻ തീരുമാനിച്ചത് ഒഗ്ബെചെയും ക്ലബുമായുള്ള ബന്ധം വഷളാക്കിയിരുന്നു.

ഈ കഴിഞ്ഞ സീസണിൽ കേരളത്തെ ഒറ്റയ്ക്ക് നയിച്ച താരമാണ് കേരളത്തിന്റെ ക്യാപ്റ്റൻ ഒഗ്നെചെ. ഒരു വർഷത്തേക്കു കൂടെ ഒഗ്ബെചെ കേരളത്തിൽ കരാർ ഉണ്ട്. എന്നിട്ടും താരം ക്ലബ് വിടാൻ ശ്രമിക്കുന്നു എന്നത് ആരാധകർക്ക് നിരാശ നൽകും. ഒറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആയി മാറിയ താരമാണ് ഒഗ്ബെചെ. കഴിഞ്ഞ സീസണിൽ ആകെ 15 ഗോളുകൾ നേടാൻ ഒഗ്ബെചെയ്ക്ക് ആയിരുന്നു. ഒപ്പം ഒരു അസിസ്റ്റും ഒഗ്ബെചെ സ്വന്തമാക്കി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെചെയെ വലിയ തുക നൽകി ആയിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്.

നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനായി 12 ഗോളുകളും താരം അടിച്ചു കൂട്ടിയിരുന്നു.

Previous articleചെസ്സും ക്രിക്കറ്റും ഒരേ സമയം കളിക്കാനാകില്ല, അതിനാല്‍ തന്നെ ക്രിക്കറ്റിന് പ്രാധാന്യം കൊടുത്തു – ചഹാല്‍
Next articleവിക്കറ്റ് കീപ്പർമാർക്ക് സ്ഥിരമായി അവസരം നൽകണമെന്ന് പാർഥിവ് പട്ടേൽ