ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ബെംഗളൂരു എഫ്‌സിയെ ഒഡീഷ എഫ് സി 3-2 എന്ന സ്കോറിന് തോൽപ്പിച്ചു. ആദ്യ 13 മിനിറ്റിനുള്ളിൽ 2-0 ന് ബെംഗളൂരു ലീഡ് എടുത്തെങ്കിലും ബെംഗളൂരുവിന്റെ അലക്സാണ്ടർ ജോവനോവിച്ചിന് ലഭിച്ച ചുവപ്പ് കാർഡ് കളിയുടെ ഗതി മാറ്റി.
പത്താം മിനിറ്റിൽ എഡ്ഗർ മെൻഡസാണ് ബെംഗളൂരു എഫ്‌സിയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്ന് മിനിറ്റിനുശേഷം, ഒഡീഷയുടെ പ്രതിരോധത്തെ മറികടന്ന് സുനിൽ ഛേത്രി, ലീഡ് ഇരട്ടിയാക്കി.
26-ാം മിനിറ്റിൽ വ്യക്തമായ ഗോൾ നേടാനുള്ള അവസരം നിഷേധിച്ചതിന് ജോവനോവിച്ചിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ കാര്യങ്ങൾ മാറി. ഡീഗോ മൗറീഷ്യോ പെനാൽറ്റി പരിവർത്തനം ചെയ്ത് ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 38-ാം മിനിറ്റിൽ റോഷൻ സിങ്ങിന്റെ ഹാൻഡ്‌ബോളിനെ തുടർന്ന് ലഭിച്ച മറ്റൊരു പെനാൽറ്റി കൂടെ ലക്ഷ്യത്തിൽ എത്തിച്ച് മൗറീഷ്യോ കളി സമനിലയിലാക്കി.
രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ, ഹ്യൂഗോ ബൗമസ് എടുത്ത കോർണർ മുതലെടുത്ത് ജെറി മാവിഹ്മിംഗ്താംഗ വിജയ ഗോൾ നേടി.