ഒന്നാം സ്ഥാനം ആർക്കും കൊടുക്കില്ല, ഒഡീഷയെ തകർത്തെറിഞ്ഞ് ജംഷദ്പൂർ

ഇന്ത്യൻ സൂപ്പർ ലീഗിൽ ലീഗ് ഷീൽഡിനോട് ജംഷദ്പൂർ ഏറെ അടുത്തിരിക്കുകയാണ്. ഇന്ന് ഒഡീഷയെ നേരിട്ട ജംഷദ്പൂർ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഈ സീസണിൽ രണ്ടു മത്സരങ്ങളിലായി ഒമ്പതു ഗോളുകൾ ആണ് ജംഷദ്പൂർ ഒഡീഷക്ക് എതിരെ അടിച്ചു കൂട്ടിയത്. ഇന്ന് ആദ്യ പകുതിയിൽ ചിമയുടെ ഇരട്ട ഗോളിൽ ജംഷദ്പൂർ ലീഡ് എടുത്തു. ഗ്രെഗ് സ്റ്റുവർട്ടിന്റെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങുമ്പോൾ ആയിരുന്നു ചിമയുടെ ആദ്യ ഗോൾ.20220304 215118

26ആം മിനുട്ടിൽ ചിമ തന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ അവസാനം റാംഫങ്സുവവയിലൂടെ ഒഡീഷ ഒരു ഗോൾ മടക്കി. പക്ഷെ രണ്ടാം പകുതി ജംഷദ്പൂരിന്റെ മാത്രമായി. റിത്വികും ജോർദൻ മറെയും അവസാനം ഇഷാൻ പണ്ടിതയും ഗോൾ നേടിയതോടെ ജംഷദ്പൂർ 5-1ന്റെ വിജയം നേടി. 19 മത്സരങ്ങളിൽ 40 പോയിന്റുമായി ജംഷദ്പൂർ ഒന്നാമത് നിൽക്കുകയാണ്. ഇനി അവസാന മത്സരത്തിൽ മോഹൻ ബഗാനോട് ഒരു സമനില മതിയാകും ജംഷദ്പൂരിന് ഒന്നാം സ്ഥാനം ഉറപ്പാക്കാൻ.