തുടർച്ചയായ മൂന്നാം മത്സരത്തിലും പാർത്ഥിബ് ഗോഗോയി ലക്ഷ്യം കണ്ടപ്പോൾ പഞ്ചാബ് എഫ്സിക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെട്ട് നോർത്ത് ഈസ്റ്റ്. ഇന്ന് പഞ്ചാബിന്റെ തട്ടകത്തിൽ നടന്ന മത്സത്തിലെ പ്രതിരോധ താരം മാൽറോയുടെ ഗോൾ ആണ് സീസണിലെ ആദ്യ പോയിന്റ് കരസ്ഥമാക്കാൻ ആതിഥേയരെ സഹായിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. പഞ്ചാബ് പത്താമതാണ്.
ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ തുറന്നെടുത്തു. മൂന്നാം മിനിറ്റിൽ തലാലിന്റെ ഷോട്ട് മിർഷാദ് തടുത്തു. കൃഷ്ണാനന്ദ സിങ്ങിന്റെ ഹെഡർ ലക്ഷ്യം തെറ്റി. പതിയെ നോർത്ത് ഈസ്റ്റും താളം കണ്ടെത്തിയതോടെ പഞ്ചാബ് പോസ്റ്റിലേക്കും മുന്നേറ്റങ്ങൾ എത്തി. നെസ്റ്ററിന്റെ തുടർച്ചയായ രണ്ടവസരങ്ങൾ പഞ്ചാബ് തടുത്തു. താരത്തിന്റെ മറ്റൊരു ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി. പാർത്ഥിബിന്റെ പാസിൽ നിന്നും ടോൻഡോൻബാ സിങ്ങിന്റെ ശ്രമവും പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. പഞ്ചാബ് താരം ലുങ്ദിമിന്റെ ഫൗളിൽ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ ഫിലിപ്പോറ്റൂവിന്റെ ഷോട്ട് തടുത്തു കൊണ്ട് രവി കുമാർ പഞ്ചാബിനെ മത്സരത്തിൽ നില നിർത്തി. എന്നാൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ, ബോക്സിന് പുറത്തു നിന്നും തന്റെ പതിവ് ശൈലിയിൽ മഴവില്ലു പോലെ ഷോട്ട് ഉതിർത്ത് ഗോൾ വല കുലുക്കിയ പാർത്ഥിബ് ഗോഗോയിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് എടുക്കുക തന്നെ ചെയ്തു.
രണ്ടാം പകുതിയിൽ സമനില ഗോളിനായി പഞ്ചാബ് ശ്രമങ്ങൾ നടത്തി ഹുവാൻ മേരയുടെ ലോങ് റേഞ്ച് ഷോട്ട് മിർഷാദ് തട്ടിയകറ്റി. മായ്ക്കന്റെ പാസിൽ തികച്ചും മാർക് ചെയ്യപ്പെടാതെ നിന്ന ബ്രാണ്ടന്റെ ഷോട്ട് ബാറിന് മുകളിലൂടെ കടന്ന് പോയി. 63ആം മിനിറ്റിൽ മേൽറോയ് സമനില ഗോൾ കണ്ടെത്തി. കോർണറിൽ നിന്നെത്തിയ പന്ത് നിലം തൊടുന്നതിന് മുൻപ് ഷോട്ട് ഉതിർത്ത് താരം വല കുലുക്കുകയായിരുന്നു. ബോക്സിലേക്ക് കയറി ബ്രാണ്ടന്റെ തൊടുത്ത ഷോട്ട് മിർഷാദ് തട്ടിയകറ്റി. അവസാന നിമിഷങ്ങളിൽ നോർത്ത് ഈസ്റ്റ് ആക്രമണം കടുപ്പിച്ചെങ്കിലും പഞ്ചാബ് പ്രതിരോധം ഉറച്ചു നിന്നു.