കോപ്പൽ ആശാന്റെ ടീം വൻ പ്രതിസന്ധിയിൽ, സൂപ്പർ താരം ഡിസംബർ വരെ കളിക്കില്ല

എ ടി കെ കൊൽക്കത്തയും പരിശീലകൻ സ്റ്റീവ് കോപ്പലും വൻ കഷ്ടത്തിൽ പെട്ടിരിക്കുകയാണ് എന്ന് പറയണം. എ ടി കെയുടെ സൂപ്പർ സ്ട്രൈക്കറായ കാലു ഉചെയ്ക്ക് ഏറ്റ പരിക്കാണ് എ ടി കെയെ സമ്മർദ്ദത്തിലാക്കുന്നത്. കാലു ഉചെയ്ക്ക് ഇനി ജനുവരി വരെ കളിക്കാൻ ആവില്ല എന്ന് എ ടി കെ പരിശീലകൻ സ്റ്റീവ് കോപ്പൽ തന്നെ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. കൂടുതൽ ചികിത്സക്കായി കാലു ഉചെ ഇന്ത്യ വിട്ടിരിക്കുകയാണ്.

ബാഴ്സലോണയിലായിരിക്കും ഉചെയുടെ ചികിത്സ നടക്കുക. ആറു മത്സരങ്ങളിൽ കാലു ഉചെക്ക് കളിക്കാൻ ആവില്ല. ഈ സീസണിൽ ആയിരുന്നു ഉചെ എ ടി കെയിൽ എത്തിയത്. ഫിറ്റ്നെസ് വീണ്ടെടുത്ത് ഫോമിലേക്ക് വരികയായിരുന്നു ഉചെ. അപ്പോഴാണ് പരിക്കേറ്റത്. ബെംഗളൂരുവിനെതിരായ മത്സരത്തിലായിരുന്നു ഉചെയ്ക്ക് പരിക്കേറ്റത്.

കാലു ഉചെയ്ക്ക് പകരം പുതിയ താരത്തെ എത്തിക്കാൻ എ ടി കെയ്ക്ക് ഐ എസ് എൽ അനുമതി കൊടുത്തിട്ടുണ്ട്. എന്നാൽ പെട്ടെന്ന് ഒരു താരത്തെ കണ്ടെത്തുക എളുപ്പം അല്ലാത്തതിനാൽ ഇന്ന് ഉചെയോ പകരക്കാരനോ ഇല്ലാതെ ആകും എ ടി കെ ഇറങ്ങുക.