കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തോൽപ്പിച്ചതിന്റെ പ്രസക്ത ഭാഗം കാണാം.
മാച്ച് റിപ്പോർട്ട്:
ഹൈലാൻഡേഴ്സിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ തിരിച്ചുവരവ്; ഇരട്ട ഗോളുമായി തിളങ്ങി സഹൽ
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – 0 x കേരള ബ്ലാസ്‌റ്റേഴ്‌സ് – 3
ഗുവാഹത്തി, നവംബര്‍ 5, 2022: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എലില്‍ രണ്ടാം ജയം കുറിച്ചു. പകരക്കാരനായെത്തിയ സഹല്‍ അബ്ദുള്‍ സമദിന്റെ ഇരട്ടഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഉശിരന്‍ ജയം. മറ്റൊരു ദിമിത്രിയോസ് ഡയമന്റാകോസിന്റെ വകയായിരുന്നു മറ്റൊരു ഗോൾ. രണ്ടാം ജയത്തോടെ അഞ്ച് കളിയില്‍ ആറ് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഏഴാമതെത്തി. നവംബർ13ന് എഫ്‌സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചിയിൽ നേരിടും.
മുംബൈ സിറ്റിക്കെതിരെ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളോടെയാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിനെയിറക്കിയത്. പ്രതിരോധത്തില്‍ വിക്ടര്‍ മോന്‍ഗില്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ പുറത്തിരുന്നു. നിഷുകുമാര്‍, സന്ദീപ് സിങ്, ഹോര്‍മിപാം എന്നിവരെത്തി. മാര്‍കോ ലെസ്‌കോവിച്ച് തുടര്‍ന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദും പുയ്ട്ടിയയും ബഞ്ചിലിരുന്നു. ഇവാന്‍ കലിയുഷ്‌നി, സൗരവ് മണ്ടല്‍ എന്നിവര്‍ പകരമെത്തി. അഡ്രിയാന്‍ ലൂണയും ജീക്‌സണ്‍ സിങ്ങും തുടര്‍ന്നു. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും കെ പി രാഹുലും. ഗോള്‍കീപ്പറായി പ്രഭ്‌സുഖന്‍ ഗില്‍ തുടര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റത്തില്‍ മാറ്റ് ഡെര്‍ബിഷെര്‍, എം എസ് ജിതിന്‍ എന്നിവര്‍ അണിനിരന്നു. റൊമെയ്ന്‍ ഫിലിപ്പോടിയുക്‌സ്, ജോണ്‍ ഗസ്റ്റാനഗ, എമില്‍ ബെന്നി, ഗുര്‍ജീന്ദര്‍ കുമാര്‍ എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ ജോ സോഹെര്‍ലിയാന, മഷൂര്‍ ഷെരീഫ്, മൈക്കേല്‍ ജേക്കബ്‌സണ്‍, ഗൗരവ് ബോറ. ഗോവള്‍വലയ്ക്ക് മുന്നില്‍ മിര്‍ഷാദ് മിച്ചു.
തുടക്കംമുതല്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റമായിരുന്നു. ഇവാന്‍ കലിയുഷ്‌നിയുടെ മുന്നേറ്റം പക്ഷേ, ബോക്‌സില്‍ അവസാനിച്ചു. മറുവശത്ത് ഫിലിപ്പോടിയുക്‌സിന്റെ ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. പതിനേഴാം മിനിറ്റില്‍ ലൂണയുടെ ഫ്രീകിക്ക് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അടിച്ചൊഴിവാക്കി. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം ആക്രമിച്ചു തന്നെ കളിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡയമന്റാകോസിന് മികച്ച അവസരം കിട്ടിയെങ്കിലും ഗോളായില്ല. ഇടതുവശത്തുനിന്നുള്ള ഡയമന്റാകോസിന്റെ ക്രോസ് ഏറ്റുവാങ്ങാന്‍ ആരുമുണ്ടായില്ല. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് കിട്ടി. സൗരവിനെ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. ബോക്‌സിന് അരികെ കിട്ടിയ ഫ്രീകിക്ക് ഡയമന്റാകോസ് തൊടുത്തെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. മറുവശത്ത് എമില്‍ ബെന്നിയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പന്ത് പൂര്‍ണമായും ബ്ലാസ്‌റ്റേഴ്‌സിന്റെ കാലുകളിലായി.
56ാം മിനിറ്റില്‍ എല്ലാ ശ്രമങ്ങള്‍ക്കും ഫലംകിട്ടി. ഒന്നാന്തരം നീക്കത്തിലൂടെ ലീഡ്. രാഹുലില്‍നിന്നായിരുന്നു തുടക്കം. പന്ത് നിയന്ത്രിച്ച് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ മറികടന്ന രാഹുല്‍ വലതുവശത്ത് സൗരവിനെ കണ്ടു. സൗരവിന്റെ ക്രോസ് ഗോള്‍മുഖത്തേക്ക്. ഇടതുമൂലയിലേക്ക് പറന്നിറങ്ങിയ ഡമയന്റാകോസ് വലയിലേക്ക് പന്തുമായി കയറി. ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. പിന്നാലെ സൗരവിന്റെ മറ്റൊരു മിന്നുന്ന ക്രോസ്. പക്ഷേ, ലൂണയിലെത്തുംമുമ്പ് പ്രതിരോധം തടഞ്ഞു. 65ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിയില്‍ രണ്ട് മാറ്റംവരുത്തി. സൗരവിന് പകരം സഹല്‍ അബ്ദുള്‍ സമദും ഡയമന്റാകോസിന് പകരം ജിയാനുവും കളത്തിലെത്തി. കളിയുടെ അവസാന ഘട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നേറാന്‍ ശ്രമിച്ചു. എന്നാല്‍ ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ഗില്ലിന്റെ മികവില്‍ ബ്ലാസ്‌റ്റേഴ്‌സ് പിടിച്ചുനിന്നു. അവസാന നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.
81ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളിന് അരികെയെത്തി. ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്തില്‍ ഇമ്രാന്‍ ഖാന്‍ തലവച്ചു. പ്രഭ്‌സുഖന്‍ പന്ത് പിടിച്ചെടുത്ത് അപകടം ഒഴിവാക്കി. പിന്നാലെ ബോക്‌സിലേക്ക് അപകടകരമായി കയറി എമില്‍ ബെന്നിയെ സന്ദീപ് സിങ് ഒന്നാന്തരം നീക്കത്തിലൂടെ തടയുകയായിരുന്നു. തുടര്‍ന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യാക്രമണം. രാഹുല്‍ ചുക്കാന്‍ പിടിച്ചു. വലതുവശത്ത് അസ്ത്രവേഗത്തില്‍ കുതിച്ച രാഹുല്‍ ഇടതുവശത്ത് സഹലിനെ കണ്ടു. രാഹുലിന്റെ നീക്കം പിടിച്ചെടുത്ത് സഹലിന്റെ ഒന്നാന്തരം ഷോട്ട്. ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. അവസാന നിമിഷം ഹോര്‍മിപാമിന് പകരം പുയ്ട്ടിയയും കലിയുഷ്‌നിക്ക പകരം മോന്‍ഗിലും കളത്തിലെത്തി. പരിക്കുസമയത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ വലയ്ക്ക് മുന്നിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ സഹലിന്റെ ഷോട്ട് വല തകര്‍ത്തു. ആ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയം പൂര്‍ത്തിയാക്കി.