പൂനെ സിറ്റിയിൽ പോകാനുള്ള ആഗ്രഹം നടന്നില്ലെങ്കിലും പൂനെ സിറ്റിക്ക് പകരം എത്തിയ ഹൈദരബാദ് എഫ് സിയിൽ നെസ്റ്റർ കളിക്കും. ചെന്നൈ സിറ്റി താരമായിരുന്ന നെസ്റ്ററിനെ ഒരു വർഷത്തെ കരാറിലാണ് ഹൈദരാബാദ് എഫ് സി ഇപ്പോൾ സ്വന്തമാക്കിയത്. നെസ്റ്റർ നേരത്തെ ചെന്നൈ സിറ്റി അറിയാതെ ക്ലബ് മാറാൻ ശ്രമിക്കുകയും അത് വിവാദത്തിൽ ആവുകയും ചെയ്തിരുന്നു. ഇതിൽ അതൃപ്തി രേഖപ്പെടുത്തി കൊണ്ട് ചെന്നൈ സിറ്റി താരത്തിന്റെ കരാർ റദ്ദാക്കിയിരുന്നു.
ഈ അവസരം മുതലെടുത്താണ് ഹൈദരബാദ് നെസ്റ്ററിനെ സ്വന്തമാക്കിയത്. നിയമങ്ങൾ ലംഘിച്ച് ട്രാൻസ്ഫർ നടത്താൻ ശ്രമിച്ചതിന് നെസ്റ്ററിന് മൂന്നു മാസത്തെ വിലക്ക് നേരിടാനുണ്ട്. ഡിസംബർ വരെ താരത്തിന് കളിക്കാൻ ആകില്ല. മാത്രമല്ല ചെന്നൈ സിറ്റിക്ക് താരം 50000 പിഴയായി നൽകുകയും വേണം. കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിയെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്ക് നെസ്റ്ററിനായിരുന്നു. എട്ടു ഗോളുകളും 9 അസിസ്റ്റും കഴിഞ്ഞ ഐ ലീഗ് സീസണിൽ നെസ്റ്റർ സംഭാവന നൽകിയിരുന്നു.