ഉസ്ബെക് മികവിനും ഏറെ പിറകിൽ നമ്മൾ, വൻ പരാജയവും ഏറ്റുവാങ്ങി മോഹൻ ബഗാൻ എ എഫ് സി കപ്പിൽ നിന്ന് പുറത്ത്

Img 20210922 231324

എ എഫ് സി കപ്പിലെ ഇന്റർ സോൺ സെമി ഫൈനലിൽ എ ടി കെ മോഹൻ ബഗാന് വലിയ പരാജയം. ഇന്ന് ഉസ്ബെകിസ്താൻ ക്ലബായ നസാഫ് എഫ് സിയെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. നസാഫിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പോലും മോഹൻ ബഗാന് ഇന്നായില്ല. തുടരെ തുടരെ ആക്രമണങ്ങൾ വന്ന കളിയിൽ ആറു ഗോളുകൾ മാത്രമല്ലേ വഴങ്ങിയുള്ളൂ എന്ന ആശ്വാസമാകും മോഹൻ ബഗാന്. ഐ എസ് എല്ലും ഏഷ്യയിലെ നല്ല ലീഗിലെ ഫുട്ബോളും തമ്മിലുള്ള അന്തരവും ഈ കളിയിൽ വ്യക്തമായി.

ഇന്ന് ആദ്യ 31 മിനുട്ടിൽ തന്നെ നസാഫ് നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. തുടക്കത്തിൽ നാലാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് എ ടി കെ ആദ്യ ഗോൾ വഴങ്ങിയത്. പിന്നീട് നോർചയേവിന്റെ താണ്ഡവമായിരുന്നു. 18, 21, 31 മിനുട്ടുകളിൽ ഗോളടിച്ച് കൊണ്ട് താരം തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. ആദ്യ പകുതിയുടെ അവസാനം ബൊറോസോവും നസാഫിനായി ഗോൾ നേടി. രണ്ടാം പകുതിയിൽ നർസുലേവും അവർക്ക് വേണ്ടി ഗോൾ അടിച്ചു. മുപ്പതോളം ഷോട്ടുകളാണ് ഇന്ന് മോഹൻ ബഗാൻ ഗോൾ മുഖത്തേക്ക് വന്നത്. ഉസ്ബെകിസ്താൻ ലീഗിൽ അഞ്ചാം സ്ഥാനത്ത് മാത്രം നിൽക്കുന്ന ക്ലബാണ് നസാഫ്.

Previous articleടോപ് ക്ലാസ് പ്രകടനവുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തേക്ക്
Next articleയുവന്റസിന് ലീഗിൽ അവസാനം ആദ്യ വിജയം