ഐ എസ് എല്ലിലെ നിയമങ്ങൾ ലംഘിച്ചതിന് ജംഷദ്പൂരിന് എതിരെ നടപടി. മുംബൈ സിറ്റിക്ക് എതിരെ ഒരു അധിക വിദേശ താരത്തെ ഇറക്കിയതാണ് ജംഷദ്പൂരിന് വിനയായത്. മാർച്ച് 8 ന് ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ ലീഗിൻ്റെ വിദേശ കളിക്കാരുടെ പരിധി ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആ കളിയിൽ മുംബൈ സിറ്റിക്ക് 3 പോയിന്റ് നൽകും എന്ന് തീരുമാനം ആയി. അന്ന് കളി 1-1 എന്നായിരുന്നു അവസാനിച്ചത്. എന്നാൽ ആ ഫലം മാറ്റി 3-0ന് ജംഷദ്പൂർ തോറ്റതായി ഇനി കണക്കാക്കും.
അന്ന് നാല് വിദേശ താരങ്ങൾ കളത്തിൽ ഉണ്ടായിരിക്കെ ജംഷദ്പൂരിന്റെ ചിമ ചുക്വു ചുവപ്പ് കണ്ട് പുറത്ത് പോയിരുന്നു. അതിനു ശേഷം ഒരു ഇന്ത്യൻ താരത്തെ പിൻവലിച്ച് അലൻ സ്റ്റെവനോവിചിനെ ജംഷദ്പൂർ കളത്തിൽ ഇറക്കി. ഇത് തെറ്റാണ് എന്ന് കണ്ടെത്തിയാണ് നടപടി.
വിധി മുംബൈ സിറ്റിക്ക് അനുകൂലമായതോടെ അവർ 19 മത്സരങ്ങളിൽ നിന്ന് 41 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി. മോഹൻ ബഗാനെക്കാൾ രണ്ട് പോയിൻ്റ് മുകളിലാണ് അവർ ഇപ്പോൾ ഉള്ളത്. ജംഷദ്പൂർ 19 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റുമായി എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.