ലീഗ് ഷീൽഡ് ജേതാക്കൾ ആയ മുംബൈ സിറ്റിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ. പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ മുംബൈ മികച്ച കളി തന്നെ പുറത്തെടുത്തെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. സീസണിൽ സ്വന്തം തട്ടകത്തിലെ മുംബൈയുടെ ആദ്യ തോൽവി ആണിത്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനോട് എവെ മത്സരത്തിലും മുംബൈ തോൽവി അറിഞ്ഞിരുന്നു. നയോരം സിങ് ആണ് മത്സരത്തിലെ ഏക ഗോൾ കണ്ടെത്തിയത്. പ്ലേ ഓഫുകൾ ആരംഭിക്കുന്ന അവസരത്തിൽ ഫോം വീണ്ടെടുക്കേണ്ടത് മുംബൈക്ക് അത്യാവശ്യമാണ്.
സ്വന്തം തട്ടകത്തിൽ മുംബൈക്ക് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ മുൻതൂക്കം. ചാങ്തേയുടെ പാസിൽ ബോക്സിനുള്ളിൽ ബിപിൻ സിങ്ങിന്റെ ഷോട്ട് കീപ്പറുടെ കൈകളിൽ അവസാനിച്ചു. ഈസ്റ്റ് ബംഗാളും ചില അവസരങ്ങൾ ഒരുക്കി എടുത്തു. ലോങ് പിടിച്ചെടുത്തു ഓടിക്കയറിയ ജേർവിസ് ബോക്സിനുള്ളിൽ നൽകിയ പാസ് മുംബൈ ഡിഫെൻസ് തടുത്തു. ത്രോയിലൂടെ എത്തിയ നീക്കത്തിൽ ചാങ്തേയുടെ ഒന്നാന്തരം ഒരു ഷോട്ട് കമൽജിത് ഡൈവ് ചെയ്തു തട്ടിയകറ്റി. ഇടവേളക്ക് തൊട്ടു മുൻപ് ബോർജസ് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്.
അൻപതിരണ്ടാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ നിർണായ ഗോൾ കണ്ടെത്തി. വലത് വിങ്ങിൽ നിന്നും ക്ലീറ്റൻ സിൽവ ബോക്സിനുള്ളിലേക്ക് നൽകിയ ബോൾ വിദഗ്ധമായി സ്‌പേസ് കണ്ടെത്തി നയോരം സിങ് വലയിൽ എത്തിച്ചു. കോർണറിൽ നിന്നും നോങ്തുവിന്റെ ആക്രോബാറ്റിക് ശ്രമവും കമൽജിത് സേവ് ചെയ്തു. വിപി സുഹൈറിന്റെ ശ്രമം രക്ഷിച്ചെടുത്ത മുംബൈ കീപ്പർ ലച്ചെൻപ റീബൗണ്ടിൽ നിന്നുള്ള താരത്തിന്റെ ചിപ്പിങ് ശ്രമവും കൈക്കലാക്കി. അവസാന നിമിഷങ്ങളിൽ മുംബൈയുടെ ശ്രമങ്ങൾ എല്ലാം ഫലം കാണാതെ പോയി.