കൊച്ചി, ഒക്ടോബര്‍ 4, 2024: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ ഔദ്യോഗിക ടൈറ്റില്‍ സ്പോണ്‍സറായി മേധ കോര്‍പ്പറേറ്റ് അഡൈ്വസേഴ്സിനെ പ്രഖ്യാപിച്ചു. സമീപ ഭാവിയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാനൊരുങ്ങുന്ന ഒരു ഡൈനാമിക് അഡൈ്വസറി കമ്പനിയാണ് മേധ. പങ്കാളിത്തത്തിന്റെ ഭാഗമായി, മേധയുടെ ലോഗോ, ക്ലബ്ബിന്റെ ഔദ്യോഗിക ജേഴ്സിയിലും ട്രെയിനിങ് കിറ്റിലും ക്ലബുമായി ബന്ധപ്പെട്ട വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഒപ്പം മറ്റ് പ്ലാറ്റ്ഫോമുകളിലും പ്രദര്‍ശിപ്പിക്കും.
മേധയെ ക്ലബിന്റെ ടൈറ്റില്‍ സ്പോണ്‍സറായി പ്രഖ്യാപിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. മേധയുടെ ഔദ്യോഗിക ലോഞ്ചിന് മുന്‍പുതന്നെ ക്ലബുമായി സഹകരിക്കാനെടുത്ത ഈ തീരുമാനം, മേധയുടെ ദീര്‍ഘവീക്ഷണവും ക്ലബിലുള്ള വിശ്വാസവും വ്യക്തമാക്കുന്നുവെന്ന് കെ.ബി.എഫ്.സി.യുടെ ചീഫ് റവന്യു ഓഫിസര്‍ ജോബി ജോസഫ് പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ ഇരു ബ്രാന്‍ഡുകളും വിജയകരമായ ഒരു സീസണിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലബിന്റെ പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍, കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ്, പുതിയ ടെക്നോളജികള്‍ ഉപയോഗപ്പെടുത്തുന്നതിലെ മുന്നേറ്റം, സ്റ്റേഡിയം അനുഭവം മെച്ചപ്പെടുത്തല്‍, ദീര്‍ഘകാല വളര്‍ച്ച തുടങ്ങിയ ക്ലബിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മേധയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുവാനും സാധിക്കും.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഈ പങ്കാളിത്തം കമ്പനിയുടെ മൂല്യങ്ങളുമായി തികച്ചും യോജിക്കുന്നുവെന്നും പങ്കാളിത്തത്തെ കുറിച്ച് മേധ കോര്‍പ്പറേറ്റ് അഡൈ്വസേഴ്സിന്റെ വക്താവ് പറഞ്ഞു. മേധ കോര്‍പ്പറേറ്റ് അഡൈ്വസേഴ്സ് ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ കെ.ബി.എഫ്.സിക്കൊപ്പം ഈ യാത്ര ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.