മാന്ത്രിക ചുവടുകളുമായി മൻവീർ സിഗ്, എ ടി കെയ്ക്ക് വൻ വിജയം

20210206 232416

ഐ എസ് എല്ലിൽ എ ടി കെ മോഹൻ ബഗാന് വൻ വിജയം. ഇന്ത്യൻ യുവതാരം മൻവീർ സിംഗിന്റെ പ്രകടന മികവിൽ ഒഡീഷയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളാണ് മന്വീർ നേടിയത്. ഇതിൽ ഒരു അത്ഭുത സ്ട്രൈക്കും ഉൾപ്പെടുന്നു. 11ആം മിനുട്ടിൽ ആയിരുന്നു സീസണിലെ തന്നെ മികച്ച ഗോളിൽ ഒന്നായ ഗോൾ വന്നത്.

വലതു വിങ്ങിൽ അസാധ്യമെന്നു തോന്നിച്ച ആങ്കിളിൽ നിന്ന് ഒരു ഇടം കാലൻ കേർലറിലൂടെ ആണ് മന്വീർ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമൊ കോൾ അലക്സാണ്ടർ ഒഡീഷയ്ക്ക് സമനില നൽകി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വീണ്ടും മന്വീർ സിങ് എ ടി കെയ്ക്ക് ലീഡ് നൽകി. മന്വീറിന്റെ രണ്ട് ഗോളുകൾക്കുമുള്ള പാസ് നൽകിയത് റോയ് കൃഷ്ണ ആയിരുന്നു.

ഗോൾ ഒരുക്കിയ റോയ് കൃഷ്ണ കളിയുടെ അവസാനം ഗോളടിയിലേക്ക് മാറി. 83ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നും ആദ്യ ഗോളും 86ആം മിനുട്ടിൽ മറ്റൊരു മികച്ച ഫിനിഷിലൂടെ രണ്ടാം ഗോളും റോയ് കൃഷ്ണ നേടി. ഈ വിജയത്തോടെ 30 പോയിന്റുമായി ഒന്നാമതുള്ള മുംബൈ സിറ്റിക്ക് വെറും മൂന്ന് പോയിന്റ് മാത്രം പിറകിൽ എത്താൻ എ ടി കെയ്ക്ക് ആയി. ഒഡീഷ ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ്.

Previous articleസ്മിത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍
Next articleവീണ്ടും ക്രിസ്റ്റ്യാനോ ഹീറോ, റോമയെയും വീഴ്ത്തി യുവന്റസ്