മാൻസുകിചിന് ഐ എസ് എല്ലിൽ നിന്ന് ഓഫർ

ക്രൊയേഷ്യൻ താരമായ മാൻസുകിചിനെ തേടി ഐ എസ് എല്ലിൽ നിന്ന് ഒരു ഓഫർ വന്നിരിക്കുകയാണ്. മുൻ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ ആണ് മാൻസുകിചുമായി ചർച്ചകൾ നടത്തുന്നത്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബായ എ സി മിലാനിൽ കളിച്ചിരുന്ന താരമാണ് മാൻസുകിച്. ഈ സീസൺ അവസാനത്തോടെ മാൻസുകിചിന്റെ ഇറ്റലിയിലെ കരാർ അവസാനിച്ചിരുന്നു. മാൻസുകിച് എ ടി കെയിൽ എത്തിയാൽ അത് ഐ എസ് എല്ലിലെ ഈ സീസണിലെ ഏറ്റവും വലിയ സൈനിംഗ് ആയി മാറും.

മുൻ യുവന്റസ് താരം ഖത്തർ ക്ലബായ അൽ ദുഹൈലിൽ ആയിരുന്നു മിലാനിൽ എത്തും മുമ്പ് കളിച്ചിരുന്നത്. ഖത്തറിൽ പോകും മുമ്പ് നാലു സീസണുകളോളം യുവന്റസിനൊപ്പം ആയിരുന്നു മാൻസുകിച് കളിച്ചിരുന്നത്. നാലു ലീഗ് കിരീടങ്ങളും മാൻസുകിച് ഇറ്റലിയിൽ നേടിയിരുന്നു. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്. ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം.