കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അദ്രിയാൻ ലൂണയുടെ ശസ്ത്രക്രിയ പൂർത്തിയാക്കിയതായി ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൈനർ ശസ്ത്രക്രിയ ആണെന്നും താരം ഇനി വിശ്രമത്തിൽ ആയിരിക്കും എന്നും ക്ലബ് അറിയിച്ചു. ലൂണയ്ക്ക് കളത്തിലേക്ക് ശക്തമായി തിരികെ വരാൻ എല്ലാ ആശംസകളും നേരുന്നതായും ക്ലബ് അറിയിച്ചു. ഇതാദ്യമായാണ് ക്ലബ് ലൂണയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുന്നത്.
കഴിഞ്ഞ ദിവസം ആണ് ലൂണയുടെ ശസ്ത്രക്രിയ നടന്നത്. താരത്തിന്റെ ഇടതു മുട്ടിനാണ് പരിക്കേറ്റത്. ലൂണ മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഇനി ലൂണ കളിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന് വേണം അനുമാനിക്കാൻ.
കേരള ബ്ലാസ്റ്റേഴ്സിന്റെ പഞ്ചാബ് എഫ് സിക്ക് എതിരായ മത്സരം ലൂണയ്ക്ക് നഷ്ടമായിരുന്നു. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ വരും മത്സരങ്ങളിലും കാര്യമായി ബാധിച്ചേക്കാം. ഈ സീസണിൽ ഇതുവരെ 3 ഗോളും നാല് അസിസ്റ്റും ലൂണ സംഭാവന ചെയ്തിരുന്നു. ലൂണ ദീർഘകാലം പുറത്തിരിക്കുക ആണെങ്കിൽ ക്ലബ് ജനുവരിയിൽ പുതിയ വിദേശ താരത്തെ ടീമിൽ എത്തിച്ചേക്കും.