കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തനായ പോരാളി ഹർമഞ്ചോത് ഖാബ്ര ക്ലബ് വിട്ടു. ഇന്ന് താരം തന്നെ ഔദ്യോഗികമായി താൻ ക്ലബ് വിടുകയാണെന്ന് അറിയിച്ചു. അവസാന രണ്ടു വർഷം ഈ ക്ലബിന് ഒപ്പം ചിലവഴിക്കാൻ അവസരം തന്നതിന് താരം ക്ലബിനോടും ആരാധകരോടും നന്ദി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് ഇനിയും നല്ല ഓർമ്മകളുമായി തിരിച്ചുവരും എന്ന് ഖാബ്ര പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്ക്വാഡിലും ഖാബ്ര ഉണ്ടായിരുന്നില്ല. ഖാബ്രയുടെ കരാർ പുതുക്കേണ്ട എന്ന് ക്ലബും തീരുമാനിച്ചതിനാൽ ആണ് താരം ക്ലബ് വിട്ടത്. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആകെ 7 മത്സരങ്ങൾ മാത്രമെ ഖാബ്ര കളിച്ചിരുന്നുള്ളൂ.
ഖാബ്രയുടെ ഏജന്റുമായി ഈസ്റ്റ് ബംഗാൾ ചർച്ചകൾ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഖാബ്ര അടുത്തതായി ഈസ്റ്റ് ബംഗാളിലേക്ക് തന്നെയാകും പോവുക. 35കാരനായ താരം ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് ആരാധകരുടെ ഫേവറിറ്റിൽ ഒരു താരമായി മാറിയ ഖാബ്ര ഡ്രസിങ് റൂമിലെയും പ്രധാനിയായിരുന്നു.
രണ്ടു സീസൺ മുമ്പ് ബെംഗളൂരു എഫ് സി വിട്ടായിരുന്നു ഹർമൻജോത് ഖാബ്ര കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പുള്ള നാലു വർഷങ്ങളിൽ ബെംഗളൂരു എഫ് സിക്ക് ഒപ്പമായിരുന്നു താരം കളിച്ചത്. ഐ എസ് എല്ലിൽ 128 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഖാബ്ര. 13 അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ആകെ രണ്ടു ഗോളും നേടിയിരുന്നു. മുമ്പ് ചെന്നൈയിൻ എഫ് സിക്കായും കളിച്ചിട്ടുണ്ട്. ചെന്നൈയിനൊപ്പയും ബെംഗളൂരുവിനൊപ്പവും താരം ഐ എസ് എൽ കിരീടവും നേടിയിട്ടുണ്ട്.