ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ വൻ തിരിച്ചുവരവ് തന്നെയാണ് കാണാൻ ആയത്. ചെന്നൈയിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 1-3ന് പുറകിൽ നിന്ന ശേഷം തിരിച്ചടി 3-3ന്റെ സമനില ഇന്ന് നേടി. ദിമി ഇരട്ട ഗോളുകളുമായി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയി മാറി. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ എസ് എല്ലിൽ ഒന്നാമത് എത്തി.
ഇന്ന് അപ്രതീക്ഷിത തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ആദ്യ മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ ആയി. ക്രിവെലാരോ ഒരു ഫ്രീകിക്കിൽ നിന്ന് ചെന്നൈയിന് ലീഡ് നൽകുക ആയിരുന്നു. സ്കോർ 0-1. പക്ഷെ അധികം വൈകാതെ തിരിച്ചടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ക്വാമെ പെപ്രയെ വീഴ്ത്തിയതിന് പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ഒരു പെനാൾട്ടി കിട്ടി. ആ പെനാൾട്ടി ദിമി വലയിൽ എത്തിച്ചു. സ്കോർ 1-1
എന്നാൽ സമനില അധികം നീണ്ടു നിന്നില്ല. 14ആം മിനുട്ടിൽ നവോചയുടെ ഒരു ഫൗളിന് ചെന്നൈയിനും ഒരു പെനാൾട്ടി കിട്ടി. ആ പെനാൾട്ടി മറേ ലക്ഷ്യത്തിൽ എത്തിച്ച് അവർക്ക് വീണ്ടും ലീഡ് നൽകി. സ്കോർ 1-2. അവിടെ തീർന്നില്ല 24ആം മിനുട്ടിൽ മറേ വീണ്ടും ബ്ലാസ്റ്റേഴ്സ് വലയിലേക്ക് പന്ത് എത്തിച്ചു. സ്കോർ 1-3
കേരള ബ്ലാാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 37ആം മിനുട്ടിൽ പെപ്രയുടെ സ്ട്രൈക്ക് ദെബിജിതിനെ മറികടന്ന് വലയിലേക്ക്. പെപ്രയുടെ സീസണിലെ ആദ്യ ഗോളായി. സ്കോർ 2-3. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 59ആം മിനുട്ടിൽ ദിമ കേരളത്തിന് സമനില നൽകി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ ഷോട്ടിലൂടെ ആയിരിന്നു ദിമി ഗോൾ കണ്ടെത്തിയത്. സ്കോർ 3-3.
ഇതിനു ശേഷം ലൂണയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് നാലാം ഗോളിന് അടുത്ത് എത്തുന്നതും കാണാൻ ആയി. എന്നാൽ വിജയ ഗോളിനായി ഏറെ കാത്തു നിൽക്കേണ്ടി വന്നു. 94ആം മിനുട്ടിൽ ഗോളെന്ന് ഉറച്ച ഒരു ചാൻസ് ഡെയ്സുകെ നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽകുന്നു. 8 പോയിന്റുള്ള ചെന്നൈയിൻ ഏഴാം സ്ഥാനത്താണ്.