ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് പൊരുതി വിജയിച്ചു. ഇന്ന് രണ്ട് ചുവപ്പ് കാർഡുകൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ച മത്സരത്തിൽ അവസാന 20 മിനുറ്റിൽ അധികം 9 പേരുമായി കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഏക ഗോളിനായിരുന്നു ജയം.
ആദ്യ പകുതിയുടെ അവസാനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കണ്ടെത്തിയത്. 43ആം മിനിറ്റിൽ നോഹയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നോഹ തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി നല്ല അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ഗോൾ മാത്രം പിറന്നില്ല. അപ്പോഴാണ് കേരളത്തിന് അർഹിച്ച രീതിയിൽ ഒരു പെനാൽറ്റി ലഭിക്കുകയും അത് ഗോളായി മാറുകയും ചെയ്തത്.
രണ്ടാം പകുതിയിൽ ഈ പ്രകടനം തുടർന്ന് വിജയം ഉറപ്പിക്കുക ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പക്ഷെ രണ്ടാം പകുതിയിൽ രണ്ട് ചുവപ്പ് കാർഡുകൾ പ്രശ്നമായി. ആദ്യം 58ആം മിനുട്ടിൽ ഡ്രിഞ്ചിച് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. പിന്നാലെ 75 ആം മിനുട്ടിൽ ഐബാൻ ചുവപ്പ് കാർഡ് കാണുകയും ചെയ്തു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് 9 പേരായി ചുരുങ്ങി.
ഇത് കളി പഞ്ചാബിന്റെ കയ്യിലേക്ക് എത്തിച്ചു. പഞ്ചാബ് തുടർച്ചയായി ആക്രമണങ്ങൾ നടത്തി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഉറച്ചു നിന്നു.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. 18 പോയിന്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്താണ്.