ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ വീണു. ഇന്ന് നടന്ന പ്ലെ ഓഫിൽ ഒഡീഷയിൽ ഒഡീഷ എഫ് സിയോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഒഡീഷയുടെ വിജയം. 87ആം മിനുട്ട് വരെ 1-0ന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് കളി കൈവിട്ടത്. ഇനി സെമിയിൽ ഒഡീഷ മോഹൻ ബഗാനെ ആകും നേരിടുക.
ഇന്ന് മികച്ച രീതിയിൽ ആണ് ബ്ലാസ്റ്റേഴ്സ് കളി ആരംഭിച്ചത്. ഫെഡോറും ഐമനും ആദ്യ പത്ത് മിനുട്ടുകൾക്ക് അകം നല്ല രണ്ട് ഷോട്ടുകൾ ഒഡീഷ ഗോൾമുഖത്തേക്ക് തൊടുത്തു. പക്ഷെ രണ്ടും ടാർഗറ്റിൽ എത്തിയില്ല. 21ആം മിനുട്ടിൽ ഹോർമിയിലൂടെ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. പക്ഷെ ഹോർമിയുടെ ഹെഡർ നേരെ ഗോൾ കീപ്പറുടെ കൈകളിലേക്ക് എത്തി.
28ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ആയിരുന്നു ഒഡീഷ ഗോൾ നേടിയത്. മൗർട്ടാഡ ഫോളിലൂടെ ആയിരുന്നു ഗോൾ. ഗോൾ അടിച്ച ഗോളും ഗോൾ നൽകിയ അഹ്മദ് ജാഹോയും ഓഫ്സൈഡ് ആയിരുന്നു. എന്നാൽ ലൈൻ റഫറി തന്റെ ഫ്ലാഗ് ഉയർത്തിയില്ല. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചു. അവസാനം നീണ്ട ചർച്ചകൾക്ക് ശേഷം ആ ഗോൾ നിഷേധിക്കാൻ റഫറി തീരുമാനമെടുത്തു.
ആദ്യ പകുതിയിൽ ഇതിനു ശേഷം അധികം അവസരങ്ങൾ ഇരു ടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. 45ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ ഇസാകിന് കിട്ടിയ അവസരം താരത്തിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെർനിചിന് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും താരത്തിന് ആ അവസരം മുതലെടുക്കാൻ ആയില്ല. മറുവശത്ത് ഒഡീഷക്ക് വലിയ അവസരം ലഭിച്ചപ്പോൾ ലാറ ശർമ്മ രക്ഷകനായി.
53ആം മിനുട്ടിൽ ഐമന്റെ ഗോൾ എന്നുറച്ച ഒരു ഷോട്ട് അമ്രിന്ദറിന്റെ കാലിൽ തട്ടി പോസ്റ്റിൽ തട്ടി മടങ്ങി. 56ആം മിനുട്ടിൽ ഒരു സുവർണ്ണാവസരം കൂടെ ബ്ലാസ്റ്റേഴ്സ് കളഞ്ഞു. ഇത്തവണ ചെർനിച്ചാണ് അവസരം തുലച്ചത്.
അവസാനം 66ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയം നേടി. ഐമന്റെ പാസിൽ നിന്ന് ചെർനിച് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. സ്കോർ 1-0.
ഇതിനു ശേഷം ഒഡീഷ എഫ് സി മാറ്റങ്ങൾ വരുത്തി. മൗറീസിയോയെ അവർ കളത്തിൽ ഇറക്കി. പക്ഷെ ഒരു മാറ്റം കൊണ്ടും ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഭേദിക്കാൻ അവർക്ക് ആയില്ല. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് കീപ്പർ ലാറയ്ക്ക് പരിക്കേറ്റ് പകരം കരൺജിത് എത്തി. ബ്ലാസ്റ്റേഴ്സ് ലൂണയെയും രാഹുലിനെയും കൂടെ കളത്തിൽ എത്തിച്ചു.
86ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. റോയ് കൃഷ്ണയുടെ പാാഇൽ നിന്ന് മൗറീസിയോ ആണ് സമനില നേടിക്കൊടുത്തത്. സ്കോർ 1-1. 90 മിനുറ്റ് വരെ ഈ സമനില തുടർന്നു. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഒഡീഷ ലീഡ് എടുത്തു. 98ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ പാസ് സ്വീകരിച്ച് ഇസാകാണ് ഗോൾ നേടിയത്. സ്കോർ 2-1. 103ആം മിനുട്ടിൽ രാഹുലിന്റെ ഒരു ഹെഡർ അമ്രീന്ദർ സേവ് ചെയ്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
(കോപ്പിയടിക്കുമ്പോൾ ഇത് കളയാൻ ശ്രമിക്കണം. റിപ്പോർട്ടർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. സ്നേഹത്തോടെ Fanport)
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് സമനിലക്കായുള്ള ശ്രമങ്ങൾ തുടർന്നു എങ്കിലും ഫലം കണ്ടില്ല. ഫൈനൽ വിസിൽ വന്നപ്പോൾ ഒഡീഷ സെമി ഉറപ്പിച്ചു. ഇനി രണ്ട് പാദങ്ങളിലായി സെമി ഫൈനലിൽ ഒഡീഷ മോഹൻ ബഗാനെ നേരിടും.