ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 3-2ന്റെ തകർപ്പൻ വിജയം നേടി. ഇന്ന് 95ആം മിനുറ്റിലെ വിജയ ഗോളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് 3 പോയിന്റ് സ്വന്തമാക്കിയത്. നോഹയാണ് വിജയ ഗോൾ നേടിയത്.
മത്സരം ആരംഭിച്ച് നാലാം മിനുറ്റിൽ തന്നെ ഒഡീഷ ലീഡ് എടുത്തു. അപകടകരമല്ലാത്ത ഒരു പന്ത് കേരള ഡിഫൻസ് ക്ലിയർ ചെയ്യാതിരുന്നത് ഒഡീഷക്ക് കാര്യങ്ങൾ എളുപമാക്കി. ജെറി ആണ് സച്ചിന് മുകളിലൂടെ പന്ത് വലയിലേക്ക് എത്തിച്ചത്.
ഈ ഗോളിന് ആദ്യ പകുതിയുടെ അവസാനം വരെ മറുപടി പറയാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല. നല്ല ഗോൾ അവസരങ്ങൾ പോലും ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ഊർജ്ജം കാണിച്ചു. 60ആം മിനുറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില നേടി. കുറോ സിംഗിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ പെപ്ര ഗോൾ കീപ്പറെയും വെട്ടിച്ച് ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തിച്ചു. സ്കോർ 1-1.
കേരള ബ്ലാസ്റ്റേഴ്സ് വിജയ ഗോളിനായി പൊരുതിയ ബ്ലാസ്റ്റേഴ്സ് 73ആം മിനുറ്റിൽ ലീഡ് എടുത്തു. സബ്ബായി എത്തിയ ജീസസ് ജിമനസ് ആണ് ഗോൾ സ്കോർ ചെയ്തത്. നോഹയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
എന്നാൽ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. 80ആം മിനുട്ടിൽ ഒഡീഷ സമനില തിരികെ നേടി. ഒരു ഫ്രീകിക്കിൽ നിന്ന് കിട്ടിയ അവസരം ഡോർലിറ്റൺ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്.
83ആം മിനുറ്റിൽ ഒഡീഷ താരം ഡെൽഗാഡോ രണ്ട് മഞ്ഞക്കാർഡ് വാങ്ങി പുറത്ത് പോയി. ഇത് കേരള ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകി. 95ആം മിനുറ്റിൽ നോഹയുടെ സ്ട്രൈക്ക് കേരളം അർഹിച്ച വിജയം നൽകി.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി 8ആം സ്ഥാനത്ത് എത്തി. 21 പോയിന്റുമായി ഒഡീഷ ഏഴാം സ്ഥാനത്തും നിൽക്കുന്നു.