കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകർത്തു. ഇന്ന് കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തോൽപ്പിച്ചത്. പല പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. അറ്റാക്ക് ചെയ്ത് കൊണ്ട് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 12ആം മിനുട്ടിൽ ലീഡ് എടുത്തു.
പെപ്ര ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ താരം പന്ത് ദിമിക്ക് കൈമാറി. മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ സിക്സ് യാർഡ് ബോക്സിലേക്ക് നീങ്ങിയ ദിമി പന്ത് വലയിലേക്ക് എത്തിച്ചു. താരത്തിന്റെ ഈ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്.
ഇതിനു ശേഷം ജയേഷ് റാണയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. നവോചയുടെ ഒരു മിസ് പാസിൽ നിന്നും മുംബൈ സിറ്റിക്ക് ഒരു അവസരം കിട്ടി. എന്നാൽ സച്ചിൻ അപ്പോൾ രക്ഷകനായി. ആദ്യ പകുതിയുടെ അവസാനം വിബിനെ പരിക്ക് കാരണം നഷ്ടമായത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
45ആം മിനുട്ടിൽ രാഹുലിന് ഒരു സുവർണ്ണാവസരം കിട്ടി എങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോയി. പക്ഷെ അധികം വൈകാതെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ കണ്ടെത്തി. ഇത്തവണ ദിമിയുടെ അസിസ്റ്റിൽ നിന്ന് പെപ്രയുടെ ഫിനിഷ്. ആദ്യ പകുതി 2-0ന് അവസാനിച്ചു.
രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് മികച്ച നിന്നു. പെപ്ര നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നത് രണ്ടാം പകുതിയിലും കണ്ടു. ലെസ്കോവിചും ഡ്രിഞ്ചിചും അടങ്ങുന്ന ഡിഫൻസ് മുംബൈ സിറ്റിക്ക് ഒരു അവസരവും നൽകിയില്ല.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 23 പോയിന്റുമായി ഒന്നാമതുള്ള ഗോവക്ക് ഒപ്പം എത്തി. ഹെഡ് ടു ഹെഡിലും ഗോൾ ഡിഫറൻസിലും മുൻതൂക്കം ഉള്ള എഫ് സി ഗോവയാണ് ലീഗിൽ ഒന്നാമത്. ബ്ലാസ്റ്റേഴ്സ് രണ്ടാമതും നിൽക്കുന്നു. മുംബൈ സിറ്റി 19 പോയിന്റുമായി നാലാമതും നിൽക്കുന്നു.