ഐ എസ് എല്ലിൽ വീണ്ടും ഒരു വിജയം കൂടെ നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കൊച്ചിയിൽ മിലോസ് ഡ്രിഞ്ചിചിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്. ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന ആദ്യ പകുതിയാണ് കലൂരിൽ ഇന്ന് കാണാൻ ആയത്. ക്യാപ്റ്റൻ ലൂണ കളിയിലുടനീളം കേരള ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്നു.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതിയിലെ ആദ്യ നല്ല അവസരം ലഭിച്ചത് ഡ്രഞ്ചിചിനായിരുന്നു. ഡെയ്സുകെയുടെ ഒരു ക്രോസിൽ നിന്ന് ലഭിച്ച സുവർണ്ണാവസരം ഹെഡ് ചെയ്ത വലയിലാക്കൻ പക്ഷെ ഡിഫൻഡർക്ക് ആയില്ല. മറുവശത്ത് മൊയക്കും ഒരു നല്ല ഹെഡർ ചാൻസ് കിട്ടി. ആ അവസരം മുതലെടുക്കാൻ ഹൈദരബാദിനും ആയില്ല.
അവസാനം നാല്പതാം മിനുട്ടിൽ ഡ്രിഞ്ചിച് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ സ്കോറർ ആയി. ഒരു കോർണറിൽ നിന്ന് വന്ന അറ്റാക്കിൽ ലൂണയുടെ പാസ് സ്വീകരിച്ച് ആയിരുന്നു ഡ്രിഞ്ചിചിന്റെ ഗോൾ. സ്കോർ 1-0.
ഈ ഗോളിന്റെ ബലത്തിൽ 1-0ന്റെ ലീഡുമായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയും ബ്ലാസ്റ്റേഴ്സ് നന്നായി തുടങ്ങി. തുടക്കത്തിൽ തന്നെ ഡ്രിഞ്ചിചിന്റെ ഒരു ജെഡർ ഹൈദരാബാദ് കീപ്പറും പോസ്റ്റും ചേർന്നാണ് തടഞ്ഞത്. സബ്ബായി എത്തിയ രാഹുൽ കെ പിയും മികച്ച നീക്കങ്ങൾ നടത്തി. അവസാന നിമിഷം സച്ചിൻ സുരേഷിന്റെ ഒരു നല്ല സേവ് ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് 7 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഹൈദരാബാദ് എഫ് സി ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാതെ പതിനൊന്നാം സ്ഥാനത്ത് നിൽക്കുകയാണ്.