കൊച്ചി, സെപ്റ്റംബര്‍ 9, 2024: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു. ഐ.എസ്.എല്‍ പുതിയ പതിപ്പില്‍ തിരുവോണ നാളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാര്‍ ആരാധകരെ നേരില്‍ കാണാനെത്തിയത്.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റേഡിയം ജെഴ്‌സി റെയോർ സ്പോർട്ട്സ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ ഭാഗേഷ് പ്രകാശനം ചെയ്തു. വേദിയിലെത്തിയ താരങ്ങള്‍ ആരാധകരെ അഭിസംബോധന ചെയ്തതിനൊപ്പം സ്റ്റേഡിയം ജെഴ്‌സി ആരാധകര്‍ക്കിടയിലേക്ക് എറിഞ്ഞു നല്‍കിയത് ആവേശമിരട്ടിയാക്കി.
ലുലു ഗ്രൂപ്പ് ടീം അംഗങ്ങളെ ആദരിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആന്റണി മനു പരിപാടിക്ക് സ്വാഗതം പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സ് ചീഫ് റവന്യൂ ഓഫീസർ ജോബി ജോബ് ജോസഫ് സ്പോൺസർമാർക്കും ആരാധകർക്കും നന്ദി പറഞ്ഞു. വിവിധ സ്‌പോണ്‍സര്‍മാരേയും മഞ്ഞപ്പട, ബ്ലാസ്റ്റേഴ്‌സ് ആര്‍മി തുടങ്ങിയ ഫാന്‍ ക്ലബ് പ്രതിനിധികളേയും ചടങ്ങില്‍ ആദരിച്ചു.
ആരാധകർക്കും കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും ഒരുപോലെ ആവേശമുണർത്തുന്നതായിരുന്നു മീറ്റ് ദ ബ്ലാസ്റ്റേഴ്സ് പ്രോഗ്രാമെന്ന് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെ പറഞ്ഞു. ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്നേഹവും നേരിട്ട് കാണുന്നത് എപ്പോഴും ഒരു പ്രത്യേക അനുഭൂതിയാണ്. ഓരോ മത്സരത്തിനും പ്രചോദനമാകും വിധം ഓരോ ആരാധകരുടെയും ആവേശം വലിയ ഊർജ്ജമാണ് പകരുന്നത്. തുടർന്നും ഈ ആവേശവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.