കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിൽ ഒന്നാമത്. ഇന്ന് കൊൽക്കത്തയിൽ ചെന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഡെയ്സുകെയും ദിമിയും ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് ഗോളുകൾ നേടിയത്. എന്നാൽ സ്കോർ 1-0ൽ നിൽക്കെ നിർണായകമായ പെനാൾട്ടി സേവ് ചെയ്ത സച്ചിൻ ആണ് ഇന്ന് യഥാർത്ഥ ഹീറോ ആയത്.
തികച്ചും ആധിപത്യത്തോടെ ആദ്യ പകുതി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ജപ്പാനീസ് താരം ഡെയ്സുകെയിലൂടെ ആണ് മുന്നിൽ എത്തിയത്. ആദ്യ പകുതി ഇരുടീമുകളും കരുതലോടെയാണ് തുടങ്ങിയത്. 31ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം തന്നെ കേരള ബ്ലാസ്റ്റേഴ്സ് മുതലെടുത്തു. ലൂണയുടെ ഒരു മികച്ച പാസ് ഡെയ്സുകയ്ക്ക് ഒരു സുവർണ്ണാവസരം നൽകി. മികച്ച ഫിനിഷിലൂടെ ഡെയ്സുകെ തന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ഗോൾ നേടി. സ്കോർ 1-0.
34ആം മിനുട്ടിൽ പെപ്രയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് 1-0 എന്ന ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ ആയിരുന്നു മികച്ചു നിന്നത്. എന്നാൽ 83ആം മിനുട്ടിൽ സച്ചിന്റെ ഒരു ഫൗൾ ഈസ്റ്റ് ബംഗാളിന് പെനാൾട്ടി നൽകി.
ക്ലൈറ്റൻ സിൽവ എടുത്ത പെനാൾട്ടി കിക്ക് സച്ചിൻ തടഞ്ഞു. പക്ഷെ റഫറി സച്ചിൻ ഗോൾ ലൈൻ വിട്ട് വന്നതിനാൽ ഫൗൾ വിളിച്ചു. തുടർന്ന് വീണ്ടും ക്ലൈറ്റൻ സിൽവ പെനാൾട്ടി എടുത്തു. വീണ്ടും പെനാൾട്ടി തടഞ്ഞ് സച്ചിൻ ഒരിക്കൽ കൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയി. ഈ പെനാൾട്ടി സേവ് ബ്ലാസ്റ്റേഴ്സിന്റെ ഊർജ്ജം വർധിപ്പിച്ചു. 89ആം മിനുട്ടിൽ ദിമിയിലൂടെ രണ്ടാം ഗോൾ വന്നതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. ആ ഗോളിന് ശേഷം ജേഴ്സി ഊരി ആഘോഷിച്ച ദിമി രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയത് നിരാശ നൽകി.
അവസാനം വീണ്ടും ഈസ്റ്റ് ബംഗാളിന് പെനാൾട്ടി ലഭിച്ചു. അത് ക്ലൈറ്റൻ ലക്ഷ്യത്തിൽ എത്തിച്ചു എങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം പൂർത്തിയാക്കി. ഇന്ന് വിജയം ഉറപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. 6 മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് 13 പോയിന്റാണ് ഉള്ളത്.