ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 4-2ന്റെ പരാജയം ഏറ്റുവാങ്ങി. ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ നിന്ന ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ച് 2-2 എന്നായതായിരുന്നു. പക്ഷെ ബെംഗളൂരുവിന്റെ പോരാട്ടം അവർക്ക് വിജയം നൽകി. സുനിൽ ഛേത്രി ഹാട്രിക്ക് ഗോളുകളുമായി ബെംഗളൂരു എഫ് സിയുടെ ഹീറോ ആയി.
ആദ്യ പകുതിയിൽ ഇന്ന് ബെംഗളൂരു എഫ് സിയാണ് മികച്ച രീതിയിൽ തുടങ്ങിയത്. മത്സരത്തിൽ എട്ടാം മിനുട്ടിൽ തന്നെ ബെംഗളൂരു ലീഡ് എടുത്തു. വിങ്ങിൽ നിന്ന് റയാൻ വില്യംസ് നൽകിയ ക്രോസ് ഒരു ഹെഡറിലൂടെ സുനിൽ ഛേത്രി വലയിൽ എത്തിക്കുക ആയിരുന്നു. ഛേത്രിയുടെ ഈ സീസണിലെ ആറാം ഗോളാണിത്.
ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ടു. നോഹയുടെ ഒരു വിങ്ങിൽ നിന്ന് ഉള്ള ഒരു ഷോട്ട് മാത്രമെ ഗുപ്രീതിന് ചെറിയ ബുദ്ധിമുട്ടെങ്കിലും നൽകിയുള്ളൂ. 39ആം മിനുട്ടിൽ റയാൻ വില്യംസിലൂടെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. വലതു വിങ്ങിലൂടെ മുന്നേറി ഒരു മനോഹരമായ സ്ട്രൈക്കിലൂടെ ലീഡ് ഇരട്ടിയാക്കുക ആയിരുന്നു.
രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരാൻ കേരള ബ്ലാസ്റ്റേഴ്സിനായി. 56ആം മിനുട്ടിൽ ജീസസ് ജിമിനസിന്റെ ഒരു ബാക്ക് ഹീൽ ഫിനിഷ് കേരള ബ്ലാസ്റ്റേഴ്സിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. നോഹയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 1-2.
കേരള ബ്ലാസ്റ്റേഴ്സ് ഇതിനു ശേഷവും അറ്റാക്ക് തുടർന്നു. 67ആം മിനുട്ടിൽ ഫ്രെഡി കേരള ബ്ലാസ്റ്റേഴ്സിന് സമനില നൽകി. ലൂണയുടെ ക്രോസിൽ നിന്നായിരുന്നു ഫ്രെഡിയുടെ ഫിനിഷ്. സ്കോർ 2-2.
എന്നാൽ അധികം വൈകാതെ ബെംഗളൂരു എഫ് സി ലീഡ് തിരിച്ചുപിടിച്ചു. 73ആം മിനുട്ടിൽ പെരേര ഡിയസ് നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ വലച്ചു. പെനാൾട്ടി ബോക്സിൽ വെച്ച് ഡിയസ് പന്ത് ഛേത്രിക്ക് കൈമാറി. ഛേത്രി പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-2.
കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായി തുടർ ആക്രമണം നടത്തി എങ്കിലും സമനില ഗോൾ മാത്രം വന്നില്ല. ഗുർപ്രീത് സിംഗിന്റെ സേവുകൾ ബെംഗളൂരു എഫ് സിക്ക് രക്ഷയായി. അവസാനം ഛേത്രി തന്റെ ഹാട്രിക്ക് ഗോൾ കൂടെ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ബെംഗളൂരു എഫ് സി 23 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. 11 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.