കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഓഫീഷ്യല്‍ ഓഡിയോ പാര്‍ട്ണറായി സാല്‍പിഡോ

Newsroom

കൊച്ചി, സെപ്തംബര്‍ 11, 2024: ഐഎസ്എല്‍ 11ാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഓഫീഷ്യല്‍ ഓഡിയോ പാര്‍ട്ണറായി സാല്‍പിഡോ. ഉയര്‍ന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങള്‍, ഡിജിറ്റൽ ഉപകരണങ്ങൾ, നൂതനമായ മറ്റ് പ്രൊഡക്ടുകള്‍ തുടങ്ങിയവയ്ക്ക് പേരുകേട്ട സാല്‍പിഡോ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദത്തിനും മാച്ച്ഡേ ഇവന്റുകളിലും ഹൈ ക്വാളിറ്റി ഓഡിയോ എക്‌സ്പീരിയന്‍സ് ഉറപ്പുവരുത്തും.

പോർട്ടബിൾ മൾട്ടിമീഡിയ സ്പീക്കറുകൾ, ഇയർഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ട്രാവൽ ചാർജറുകൾ, പവർ ബാങ്കുകൾ, ഗെയിമിംഗ് ഗിയറുകൾ, കീബോർഡ്, മൗസ് തുടങ്ങിയവ നിർമ്മിക്കുന്ന മുൻനിര ബ്രാൻഡാണ് സാല്‍പിഡോ. ഔദ്യോഗിക ഓഡിയോ പാര്‍ട്ണര്‍ എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മാച്ചുകളിലും ക്ലബ്ബ് ഇവന്റുകളിലും സാല്‍പിഡോയുടെ അത്യാധുനിക ഓഡിയോ ഉപകരണങ്ങളുടെ സേവനം ഉറപ്പാക്കും.

രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള ഈ പങ്കാളിത്തം ഞങ്ങള്‍ക്ക് ഏറെ അഭിമാനകരമാണെന്ന് സാല്‍പിഡോ ഇന്ത്യ ഡയറക്ടർ നസീം ബെക്കർ പറഞ്ഞു. സ്റ്റേഡിയത്തിനകത്തും പുറത്തും ആവേശം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ഓഡിയോ അനുഭവങ്ങള്‍ ആരാധകര്‍ക്ക് നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫുട്‌ബോള്‍ ആരാധകരുമായി കൂടുതല്‍ കണക്ട് ചെയ്യുവാനും മനോഹരമായ ചില ഓര്‍മകള്‍ സൃഷ്ടിക്കുന്നതില്‍ ശബ്ദത്തിന്റെ ശക്തിയെന്തെന്ന് തിരിച്ചറിയുവാനുമുള്ള സവിശേഷ അവസരമാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സീസണില്‍ ഞങ്ങളുടെ ഔദ്യോഗിക ഓഡിയോ പാര്‍ട്ണറായി സാല്‍പിഡോയെ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. ഓരോ മാച്ചിലും ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തുന്ന തരത്തിൽ അതിശയകരമായ അന്തരീക്ഷം സൃഷ്ടിക്കുവാനുള്ള ടീമിന്റെ ശ്രമങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പ്രീമിയം ഓഡിയോ ആൻഡ് ഡിജിറ്റൽ എക്‌സ്പീരിയന്‍സ് ഉറപ്പുനല്‍കുന്നതിലുള്ള സാല്‍പിഡോയുടെ പ്രതിബദ്ധതയും. ആരാധകര്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ മികച്ച ശബ്ദാനുഭവം ഉറപ്പാക്കുന്നതിനായി സാല്‍പിഡോയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍ – കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ബി നിമ്മഗദ്ധ പറഞ്ഞു.