കേരളക്കരയുടെ പ്രതീക്ഷകളും പേറി ഐഎസ്എൽ ഉൽഘാടന മത്സരത്തിൽ ഒരിക്കൽ കൂടി കളത്തിൽ ഇറങ്ങാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്. തിങ്ങി നിറഞ്ഞ കാണികളുടെ ആവേശത്തിന് എന്നും സാക്ഷ്യം വഹിച്ചിട്ടുള്ള കല്ലൂരിന്റെ പുൽത്തകിടികളിൽ ഇത്തവണ നിലവിലെ ഫൈനലിസ്റ്റുകൾ ആയ ബെംഗളൂരു എഫ്സിയെ നേരിട്ടു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് പുതു സീസണിന് ആരംഭം കുറിക്കുന്നത്. രാഹുൽ അടക്കം പ്രമുഖ താരങ്ങളുടെ അഭാവം ഉണ്ടാവുമെങ്കിലും സ്വന്തം കാണികൾ നൽകുന്ന ഊർജം കൂടി മുതലെടുത്ത് വിജയത്തോടെ ആദ്യ മത്സരം പൂർത്തിയാക്കാൻ ആവും വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും ശ്രമം. വ്യാഴാഴ്ച വൈകീട്ട് എട്ടിന് മത്സരത്തിന് വിസിൽ മുഴങ്ങും.
സമ്മിശ്രമായ പ്രീ സീസൺ പ്രകടനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. ഡ്യൂറന്റ് കപ്പിൽ നിന്നും നേരത്തെ പുറത്തായി. യുഎഈയിലെ പരിശീലന മത്സരങ്ങളിൽ ആദ്യ വൻ തോൽവി നേരിട്ടെങ്കിലും പിന്നീട് രണ്ട് വിജയങ്ങളിലൂടെ താളം കണ്ടെത്തി. ടീമിന്റെ നായകനായി തെരെഞ്ഞെടുക്കപ്പെട്ട അഡ്രിയാൻ ലൂണ തന്നെ ആക്രമണം നയിക്കും. ഡാനിഷ് ഫാറൂഖ്, ജീക്സൺ സിങ് എന്നിവരും മധ്യനിരയിൽ എത്തും. പുതുതായി എത്തിയ ജാപനീസ് വിങ്ങർ സകായ്, സെൻട്രൽ ഡിഫണന്റർ മിലോസ് ഡ്രിൻസിച്ച് എന്നിവർക്കും കോച്ച് അവസരം നൽകിയേക്കും. പ്രീതം കോട്ടാൽ തന്നെ പ്രതിരോധത്തെ നയിക്കുമ്പോൾ പോസിറ്റിന് കീഴിൽ ലാറയോ കരൺജിതോ എത്തും. സുപ്രധാന തരങ്ങളുടെ അഭാവം ആദ്യ മത്സരത്തിൽ ടീമിന് തിരിച്ചടി ആയേക്കും. ഇഷാൻ പണ്ഡിത, സൗരവ് മണ്ഡൽ എന്നിവർ ഇഞ്ചുറി ആണ്. ദിമിത്രിയോസും പുറത്തു തന്നെ. കൂടാതെ ഇന്ത്യൻ ടീമിനോടൊപ്പം ഉള്ള രാഹുൽ കെപി, ബ്രൈസ് മിറാണ്ട എന്നിവർ കൂടി ആവുമ്പോൾ ടീം സെലക്ഷൻ കോച്ചിന് ചെറിയ തലവേദന സൃഷ്ടിച്ചേക്കാം. ഇന്ത്യൻ താരങ്ങളെ പോലെ തന്നെ പുതിയ വിദേശ താരങ്ങളിലും ടീമിന് വലിയ പ്രതീക്ഷയാണ് ഉള്ളത്.
സുനിൽ ഛേത്രിയുടെ അഭാവമാണ് ബെംഗളൂരു ക്യാമ്പിൽ നിന്നുള്ള പ്രധാന വാർത്ത. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനോടൊപ്പമാണ് താരമുള്ളത്. പുതിയ താരം രോഹിത് ദാനുവും ടീമിനോടൊപ്പം ഇല്ല. എന്നാൽ ശിവശക്തി നയിക്കുന്ന മുന്നേറ്റത്തിന്റെ പ്രഹരശേഷി കഴിഞ്ഞ സീസണിൽ പല ടീമുകളും അനുഭവിച്ചു. ദാനുവിനെ കൂടാതെ ഹൈദരാബാദിൽ നിന്നും എത്തിച്ച ഹാളിച്ചരണും പുതിയ ഇംഗ്ലീഷ് താരം കുർട്ടിസ് മെയിനും മുന്നേറ്റത്തിൽ എത്തും. ഹാവി നയിക്കുന്ന മധ്യനിരയിൽ രോഹിത്തിനും അവസരം ലഭിക്കും. പോസ്റ്റിന് കീഴിൽ ഗുർപ്രീതിന്റെ വിശ്വസ്തകരങ്ങൾ തന്നെ ഉണ്ടാവുമ്പോൾ യോവനോവിച്ച്, റോഷൻ സിങ് എന്നിവർ പ്രതിരോധത്തിലും എത്തും. കഴിഞ്ഞ സീസണിൽ തുടർന്ന ഫോം ഇത്തവണയും തുടരാനും നഷ്ടപ്പെട്ട കിരീടത്തിലേക്ക് ആദ്യം മുതൽ തന്നെ കുതിക്കാനും ആവും ബെംഗളൂരു ഉന്നമിടുന്നത്.